ദോഫാറിലെ അർഖുദ്-സർഫൈത് റോഡ്
മസ്കത്ത്: ലോകോത്തര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഖരീഫിനായി സുൽത്താൻ സഈദ് ബിൻ തൈമൂർ (മസ്കത്ത്-സലാല) റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഖരീഫ് സീസണായതോടെ മസ്കത്തിൽനിന്ന് സലാല വരെ 1000 കിലോമീറ്ററിലധികം നീളുന്ന രാജ്യത്തെ ഏറ്റവും പ്രശസ്തമായ റോഡ് വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.
എൻജിനീയറിങ് മികവിനും മരുഭൂമി കാഴ്ചകൾക്കും പേരുകേട്ട റോഡ് രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന ദേശീയപാതയാണ്. എന്നാൽ സീസൺകാലത്ത് റോഡ് യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനയുള്ളതിനാൽ അടിസ്ഥാന സൗകര്യങ്ങൾകൊണ്ടുമാത്രം റോഡപകടങ്ങൾ തടയാനാവില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.
റോഡുകളുടെ കാര്യത്തിൽ അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് സുൽത്താനേറ്റ്. 2025 ലെ വേൾഡ് പോപ്പുലേഷൻ റിവ്യൂവിൽ, റോഡ് അടിസ്ഥാന സൗകര്യങ്ങൾക്ക് ഏഴിൽ 5.96 പോയന്റുകൾ നേടി ഫ്രാൻസിനെയും ജപ്പാനെയും മറികടന്ന് ആഗോളതലത്തിൽ എട്ടാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ഒമാൻ എത്തി.
സുൽത്താൻ തൈമൂർ ബിൻ ഫൈസൽ റോഡ്, സുൽത്താൻ തുർക്കി ബിൻ സഈ റോഡ്, പർവതപ്രദേശങ്ങളിലൂടെയുള്ള ഇരട്ട-വരി ഇടനാഴികൾ എന്നിവ ഒരു ദശാബ്ദക്കാലത്തെ സുസ്ഥിര നിക്ഷേപത്തെ പ്രതിഫലിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും മസ്കത്തിൽനിന്ന് സലാലയിലേക്കുള്ള യാത്ര ഇപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. വിശാലമായ മരുഭൂമികളും പരുക്കൻ പർവതനിരകളും കടന്നാണ് ഈ പാത. ഖരീഫ് ദോഫാർ സീസണിൽ ദോഫാർ ഗവർണറേറ്റ് മഴയുടെയും മൂടൽമഞ്ഞിന്റെയും പച്ചപ്പിന്റെയും അപൂർവമായ ഒരു മരുപ്പച്ചയായി മാറുന്നതോടെ ഈ റോഡിൽ തിരക്ക് വർധിക്കും.
വർഷത്തിൽ ഏറ്റവും തിരക്കേറിയ ഖരീഫ് സീസണിൽ ഈ റോഡിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ ഓരോ നാല് മണിക്കൂറിലും വിശ്രമിക്കണമെന്ന് മസ്കത്തിലെ ടൂർ കമ്പനിയിലെ ഓപറേഷൻസ് സൂപ്പർവൈസർ ചൂണ്ടിക്കാട്ടി. അപകടങ്ങൾക്കുപിന്നിൽ റോഡുകളുടെ അവസ്ഥയല്ല, മനുഷ്യപിഴവുകളും അശ്രദ്ധയുമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങൾ കുറക്കുന്നതിന്, യാത്രക്കാർ തങ്ങളുടെ റൂട്ടുകളിൽ വിശ്രമകേന്ദ്രങ്ങൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. സലാലയിലേക്കുള്ള പർവതറോഡുകളിൽ പ്രവേശിക്കുന്നതിനുമുമ്പ് ഇന്ധനം നിറക്കൽ, വിശ്രമം, സുരക്ഷാപരിശോധനകൾ എന്നിവക്കുള്ള പ്രായോഗികകേന്ദ്രങ്ങളായി ആദം, ഹൈമ, തുംറൈത്ത് എന്നീ വിലായത്തുകളെ ആശ്രയിക്കാം. അപകടസാധ്യത കണക്കിലെടുത്ത്, റോയൽ ഒമാൻ പൊലീസും ആരോഗ്യമന്ത്രാലയവും ഈ വർഷം സുരക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മൊബൈൽ ആംബുലൻസ് യൂനിറ്റുകൾ, അധിക ട്രാഫിക് പട്രോളിങ്, അമിതവേഗത്തിനും അപകടകരമായ ഓവർടേക്കിങ്ങിനും പേരുകേട്ട പ്രദേശങ്ങളിലെ ചെക്പോയന്റ് എൻഫോഴ്സ്മെന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്.
ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം സുൽത്താൻ സഈദ് ബിൻ തൈമൂർ (നിസ്വ-സലാല) ഹൈവേയെ തന്ത്രപ്രധാനമായ ഒരു ദേശീയ ഇടനാഴിയായി നാമനിർദേശം ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരത്തിന് മാത്രമല്ല, ഒമാന്റെ വടക്കൻ, തെക്കൻ മേഖലകൾക്കിടയിലുള്ള സാമ്പത്തിക സംയോജനത്തിനും ഈ റോഡ് ഒരു സുപ്രധാന കണക്ടറായി കണക്കാക്കുന്നു. നിലവിലെ റോഡിലെ തിരക്ക് കുറക്കുന്നതിന് മേഖലയിലെ ഏറ്റവും വലിയ ഹൈവേ നിർമാണ പരിപാടികളിൽ ഒന്നാണ് ഒമാൻ ഏറ്റെടുക്കുന്നത്.
ഈ ശ്രമത്തിന്റെ കേന്ദ്രബിന്ദു പുതിയ സുൽത്താൻ സഈദ് ബിൻ തൈമൂർ (സലാല ഹൈവേ) ആണ്. 717 കിലോമീറ്റർ നീളമുള്ള ഈ പാത രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയായി മാറും. 2025 ജൂലൈ വരെ 280 കിലോമീറ്റർ പൂർത്തിയായി. അതേസമയം 400 കിലോമീറ്ററിലധികം നിർമാണത്തിലാണ്. പദ്ധതിയുടെ ആകെചെലവ് 671 ദശലക്ഷം ഡോളർ കവിയും.
അതേസമയം, നീണ്ട മരുഭൂമികൾക്കും പരിമിതമായ ഓവർടേക്കിങ് സോണുകൾക്കും പേരുകേട്ട സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിന്റെ ഇരട്ടിപ്പിക്കലും പുരോഗമിക്കുകയാണ്. ഏകദേശം 400 കിലോമീറ്റർ ദൈർഘ്യമുള്ള നവീകരണം മൂന്ന് ഘട്ടങ്ങളായാണ് പൂർത്തീകരിക്കുക. 250 ദശലക്ഷത്തിലധികം റിയാലാണ് ഇതിന്റെ ചെലവ്. വികസിപ്പിച്ച പാതകൾ, റോഡരികിലെ വിളക്കുകൾ, വെള്ളപ്പൊക്ക ഡ്രെയിനേജ് സംവിധാനങ്ങൾ, സുരക്ഷിതമായ നാവിഗേഷനായി മെച്ചപ്പെട്ട സൈനേജുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.