മസ്കത്ത്: പ്രവാസികളുടെ പ്രിയപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ മുൻനിരയിൽ മസ്കത്തും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയായ ഇൻറർനാഷൻസ് നടത്തിയ സർവേയിൽ പശ്ചിമേഷ്യയിൽ രണ്ടാം സ്ഥാനമാണ് മസ്കത്തിനുള്ളത്. ആഗോള തലത്തിൽ 14ാം സ്ഥാനവും മസ്കത്തിനുണ്ട്. നാല് ദശലക്ഷം അംഗങ്ങളുള്ള ഇൻറർനേഷൻസ് കൂട്ടായ്മയുടെ ഇൗ വർഷത്തെ സിറ്റി റാങ്കിങ്ങിൽ 15,000ത്തോളം വിദേശികളാണ് പ്രതികരിച്ചത്. 2020ലെ സിറ്റി റാങ്കിങ്ങിൽ ഏഴ് ജി.സി.സി നഗരങ്ങളിൽ നിന്നുള്ളവരാണ് പ്രതികരിച്ചത്. ഇതിന് പുറമെ കൈറോ, ഇസ്തംബൂൾ നഗരങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആഗോള തലത്തിൽ പത്താം സ്ഥാനത്തുള്ള അബൂദബിയാണ് പശ്ചിമേഷ്യൻ മേഖലയിൽ ഒന്നാമത്. ദോഹ (15ാം സ്ഥാനം), ദുബൈ (20ാം സ്ഥാനം), റിയാദ് (42), ജിദ്ദ (52), സാൽമിയ (66) എന്നിവയാണ് മസ്കത്തിന് പിന്നിലുള്ള നഗരങ്ങൾ. മൊത്തം 66 നഗരങ്ങളാണ് പട്ടികയിലുള്ളത്.
നഗരജീവിതത്തിെൻറ നിലവാരം, താമസിക്കുന്നതിനുള്ള ബുദ്ധിമുട്ട്, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ റിപ്പോർട്ട് തയാറാക്കിയത്. താമസം, ധനകാര്യം എന്നീ വിഭാഗങ്ങളിൽ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളാണ് മസ്കത്തിനുള്ളത്. സ്വദേശികളുടെ സൗഹൃദ മനോഭാവം എന്ന ഉപ വിഭാഗത്തിൽ മസ്കത്ത് ആഗോള തലത്തിൽ ഒന്നാമതെത്തി. സർവേയിൽ പെങ്കടുത്ത 82 ശതമാനം പേരും സ്വദേശികളുടെ സൗഹൃദ മനോഭാവത്തിൽ സന്തോഷം രേഖപ്പെടുത്തി. ഇത് ആഗോള തലത്തിൽ 68 ശതമാനമാണ്. 77 ശതമാനം പേരും സ്വന്തം വീട്ടിലെന്നപോലെയുള്ള താമസാനുഭവമാണ് മസ്കത്തിൽ നിന്ന് ലഭിച്ചതെന്ന് സർവേ റിപ്പോർട്ട് പറയുന്നു. ഇത് ആഗോള തലത്തിൽ 64 ശതമാനമാണ്.
അനുയോജ്യമായതും പോക്കറ്റിനിണങ്ങിയതുമായ താമസസ്ഥലം കണ്ടെത്താൻ മസ്കത്തിൽ എളുപ്പമാണെന്ന് യഥാക്രമം 76ഉം 53ഉം ശതമാനം പേർ അഭിപ്രായപ്പെട്ടു. ജീവിത ചെലവ് ഉയർന്നതായി കൂടുതൽ പേരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും 63 ശതമാനം ചെലവിന് ശേഷം നാടുകളിലേക്ക് അയക്കാൻ കഴിയുന്ന പണത്തിൽ സംതൃപ്തി രേഖപ്പെടുത്തി. നാഗരിക തൊഴിൽ ജീവിത സൂചിക എന്ന വിഭാഗത്തിൽ മസ്കത്തിന് ആഗോള തലത്തിൽ 53ാം സ്ഥാനമാണ് ഉള്ളത്. തൊഴിൽ സുരക്ഷിതത്വം, പ്രാദേശിക തൊഴിൽ അവസരങ്ങൾ എന്നീ വിഭാഗങ്ങളിൽ പലരും ആശങ്ക രേഖപ്പെടുത്തി. അഞ്ചിൽ രണ്ടുപേരും തൊഴിലവസരങ്ങൾ കുറഞ്ഞുവരുന്നതായി അഭിപ്രായപ്പെട്ടു. നഗരജീവിത നിലവാരം മസ്കത്ത് പിന്നിലാണ്. 48ാം സ്ഥാനമാണ് ഉള്ളത്. നാലിൽ ഒരു വിദേശി എന്ന തോതിൽ (24 ശതമാനം) മസ്കത്തിൽ വിനോദാവസരങ്ങൾ കുറവാണെന്ന് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ആഗോള തലത്തിൽ ഇത് 15ാം ശതമാനമാണ്. പൊതു ഗതാഗത സംവിധാനത്തിൽ 56ാം സ്ഥാനവും ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിൽ 42ാം സ്ഥാനവുമാണ് മസ്കത്തിന് ഉള്ളതെങ്കിലും 96 ശതമാനം പേരും തങ്ങൾ മസ്കത്തിൽ സുരക്ഷിതരാണെന്നാണ് അഭിപ്രായപ്പെട്ടത്. ആഗോള തലത്തിൽ ഇത് 82 ശതമാനമാണ്. നാഗരിക തൊഴിൽ ജീവിത സൂചിക, നഗര ജീവിത നിലവാരം എന്നീ വിഭാഗങ്ങളിൽ ഏഴ് പശ്ചിമേഷ്യൻ നഗരങ്ങളും താഴ്ന്ന നിലവാരത്തിലാണ്. ജീവിത നിലവാരത്തിൽ 24ാം സ്ഥാനത്തുള്ള ദുബൈ മാത്രമാണ് ഉയർന്ന സ്ഥാനത്തുള്ളതെന്നും 15,000ത്തോളം വിദേശികൾ ഭാഗമായ സർവേ റിപ്പോർട്ട് പറയുന്നു.
സ്പെയിനിലെ വലെൻസിയയാണ് പ്രവാസികളുടെ ഇഷ്ട നഗരമെന്ന സ്ഥാനം നേടിയത്. അലിക്കാെൻറ, ലിസ്ബൺ, പാനമ സിറ്റി, സിംഗപ്പൂർ, മലാഗെ, ബ്യൂണസ് അയേഴ്സ്, ക്വാലാലംപുർ, മഡ്രിഡ് എന്നിവയാണ് ഒമ്പതു വരെ സ്ഥാനങ്ങളിൽ. കുവൈത്തിലെ സാൽമിയ, റോം, സോൾ, മിലാൻ, നൈറോബി, പാരീസ്, ജൊഹാനസ്ബർഗ്, സാൻറിയാഗോ, ഡബ്ലിൻ, ഹോങ്കോങ് എന്നിവയാണ് പട്ടികയിലെ അവസാന നഗരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.