മസ്കത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ സംബന്ധിച്ച് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മാർച്ച് മൂന്ന് മുതൽ ഏഴുവരെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫിക്ഷൻ സിനിമകൾ, ഡോക്യുമെന്ററി ചിത്രങ്ങൾ, ഒമാനി ഷോർട്ട് ഫിക്ഷൻ ചിത്രങ്ങൾ, ഒമാനി ഡോക്യുമെന്ററി സിനിമകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിരവധി മത്സരങ്ങളുണ്ടാകും. അഞ്ച് ദിവസങ്ങളിലായി നിരവധി ചലച്ചിത്ര സംവിധായകരെയും സിനിമാതാരങ്ങളെയും മേളയിൽ ആദരിക്കും. ഇന്ത്യൻ നടനും നിർമാതാവുമായ ഷാറൂഖ് ഖാൻ, ഇറാനിൽനിന്നുള്ള സംവിധായകൻ സത്താറ, ഈജിപ്തിൽനിന്നുള്ള നെല്ലി കരീം, കുവൈത്തിൽനിന്നുള്ള ഹുദ ഹുസൈൻ, ഒമാനിൽ നിന്നുള്ള അബ്ദുല്ല ഹബീബ്, മുഹമ്മദ് അൽ കിന്ദി, ബുതൈന അൽ റൈസി, തഗ്ലബ് അൽ ബർവാനി, ഖലീൽ അൽ സിനാനി, ബഹ്റൈനിൽ നിന്നുള്ള സംവിധായകൻ ഡയറക്ടർ യാക്കൂബ് അൽ മഖ്ല, ഫലസ്തീനിൽനിന്നുള്ള ഡയറക്ടർ മുഹമ്മദ് ബക്രി എന്നിവരെയാണ് ആദരിക്കുക. സെമിനാറുകൾ, ശിൽപശാലകൾ, ഫെസ്റ്റിവൽ സൂക്ക് (മാർക്കറ്റ്) എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ഫെസ്റ്റിവലിനൊപ്പം ഉണ്ടായിരിക്കും. ഒമാനിൽ ഒരു സിനിമ നിർമിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സെമിനാറുകളും വർക്ക്ഷോപ്പുകളും ഉൾപ്പെടെ നിരവധി അനുബന്ധ പരിപാടികളും സിനിമാ മേഖലയിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.