മസ്കത്ത് എക്സ്പ്രസ്വേ
മസ്കത്ത്: രാജ്യത്തെ പ്രധാന പാതയായ മസ്കത്ത് എക്സ്പ്രസ്വേയുടെ വികസന പ്രവർത്തനങ്ങൾ ഈ വർഷം അവസാന പാദത്തിൽ ആരംഭിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് അൽ ഹുമൈദി പറഞ്ഞു. പ്രവൃത്തികൾക്കായി തിരഞ്ഞെടുത്ത കരാറുകാരൻ സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കും. എല്ലാ സുരക്ഷ നടപടികളും ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മസ്കത്ത് മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി), ഗതാഗത വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) എന്നിവയുൾപ്പെടെ വിവിധ യോഗ്യതയുള്ള ഏജൻസികൾ നഗരത്തിലെ ഗതാഗത വളർച്ചയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മസ്കത്ത് എക്സ്പ്രസ് വേയുടെ വിപുലീകരണത്തിന് തുടക്കം കുറിക്കുന്നത്.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് മുനിസിപ്പാലിറ്റി വിപുലീകരണം പ്രഖ്യാപിച്ചിട്ടുള്ളത്. രാജകീയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പത്താം പഞ്ചവത്സര വികസന പദ്ധതിയിൽ (2021-2025) ചേർത്ത അധിക പ്രോജക്ടുകളിൽ റോഡ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അൽ ഖുറം, ഹൽബൻ ഇൻറർചേഞ്ചുകൾക്കിടയിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. തുടർന്ന് ബാത്തിന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനും ഗതാഗത കുരുക്ക് കുറക്കുന്നതിനും എക്സ്പ്രസ് വേയുടെ വികസന പ്രവർത്തനങ്ങൾ അനിവാര്യമാണ്. റോഡ് തുറന്നുകൊടുത്ത് 13 വർഷങ്ങൾക്ക് ശേഷമാണ് എക്സ്പ്രസ്വേ വികസിപ്പിക്കുന്നത്.
മേഖലയിലെ ഗതാഗത ശൃംഖലയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാനായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ദിശയിലേക്കും ആറുവരിയായി വികസിപ്പിക്കൽ, നിലവിലുള്ള പാലങ്ങളുടെ വിപുലീകരണം, ഇന്റർസെക്ഷനുകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, വെള്ളം ഒഴുക്കിവിടുന്നതിനുള്ള ഓവുചാലുകൾ, പർവതചരിവുകളുടെ സംരക്ഷണ പ്രവൃത്തികൾ, നടപ്പാത, പരിസ്ഥിതി സൗഹൃദ ലൈറ്റിങ്ങുകൾ തുടങ്ങിയവയാണ് വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 54 കിലോമീറ്റർ നീളമാണ് മസ്കത്ത് എക്സ്പ്രസ്വേക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.