മനുഷ്യ സ്നേഹികൾ ഒരുമിച്ചു; തുടർ ചികിത്സക്കായി മുബിൻ ആര നാടണഞ്ഞു

സലാല: സ്​​ട്രോക്ക്​ വന്ന്​ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിയായ യുവതി തുടർ ചികിത്സക്കായി നാടണഞ്ഞു. തിരൂരുകാരിയായ ഇരുപത്തിരണ്ടുകാരി മുബിൻ ആരയെയാണ്​ കഴിഞ്ഞദിവസം രാത്രി ഒമാൻ എയറിൽ മസ്കത്ത് വഴി വെന്റിലേറ്റർ സഹായത്തോടെ നാട്ടിലെത്തിച്ചത്​. ഒരുപാട് സ്വപ്നങ്ങളുമായി ഏതാനും മാസം മുമ്പാണ്​ സലാലയിലുള്ള വയനാട് സ്വദേശിയായ ഭർത്താവ് മുഹമ്മദ് നൗസിന്റെ അടുത്തേക്ക് മുബിൻ ആര വന്നത്. എന്നാൽ കഴിഞ്ഞയാഴ്ച അനുഭവപ്പെട്ട തലവേദനയും ചർദിയും ഇവരുടെ ജീവിതംതന്നെ മാറ്റിമറിക്കുകയായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽനടത്തിയ പരിശോധനയിൽ സ്ട്രോക്ക് ഗുരുതരമാണെന്ന് മനസ്സിലാകുകയും തലക്ക് അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടിയും വന്നു. എല്ലാം കഴിഞ്ഞപ്പോൾ രോഗി വെന്റിലേറ്ററിലുമായി. ഓരോ ദിവസവും ആശുപത്രി ബില്ല് കുതിച്ചുയർന്നു കൊണ്ടിരുന്നു. ഇതിനിടെ ചെറിയ പുരോഗതി കണ്ടപ്പോൾ നാട്ടിൽ കൊണ്ട് പോയി തുടർ ചികിത്സ ചെയ്യുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

വെന്റിലേറ്റർ സഹായത്തോടെ നാട്ടിലെ ആശുപത്രിയിൽ എത്തിക്കാൻ ഏകദേശം നാലായിരം റിയാൽ, മൂവായിരത്തോളം ആശുപത്രി ബില്ല്, തുടർ ചികിത്സ വേണ്ടുന്ന പണം എന്നിവ ബിൽഡിങ്​ മെറ്റീരിയത്സ് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന മുഹമ്മദ് നൗസിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. വിഷയം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സലാലയിലെ​ എല്ലാ മനുഷ്യ സ്നേഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു. സംഘടന ഭാരവാഹികളുടെ കൂട്ടായ്മയായ ലീഡേഴ്സ് ഫോറത്തിൽ ഇത് ഏറ്റെടുക്കാൻ കെ.എം.സി.സി സലാല ഒരുക്കമാണെന്നും എല്ലാവരും കൂടെ നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് കാര്യങ്ങൾ അതി വേഗത്തിലായി. സലാലയിലെ മുഴുവൻ മുഖ്യധാര സംഘടനകളും, സ്പോട്സ്, വനിത, പ്രാദേശിക, സ്ഥാപന കൂട്ടായ്മകളും ഈ ഉദ്യമത്തിൽ സഹായവുമായി മുമ്പോട്ട് വന്നു. ഏകദേശം മുപ്പതോളം കൂട്ടായ്മകളാണ് ചെറുതും വലുതുമായ സഹായം ഇതിനായി നൽകിയത്. ഏകദേശം 11000 റിയാൽ ഇതിനായി സ്വരൂപിക്കാനായി. ഇതിൽ ആറായിരത്തോളം റിയാൽ കെ.എം.സി.സി നേരിട്ട് സമാഹരിച്ചതാണ്.

എയർ ലിഫ്റ്റ്​ ചെയ്യാൻ ദുബൈയിൽനിന്ന് വിദഗ്ധ സംഘവും എത്തിയിരുന്നു. ദുബൈയിൽനിന്നെത്തിയ മുബിൻ ആരയുടെ സഹോദരനും ഭർത്താവും ഇതേ വിമാനത്തിൽ നാട്ടിലേക്ക് ഇവരുടെ കൂടെയുണ്ടായിരുന്നു.മൂന്ന് വർഷം മുമ്പാണ് മുബിൻ ആര വിവാഹിതയായത്.

കോഴിക്കോട് മൈത്ര ആശുപത്രിയിലാണ് തുടർ ചികിത്സ ചെയ്യുക. പ്രയാസത്തിലായിപ്പോയ തങ്ങളെ സഹായിക്കാനായി കൈകോർത്ത സലാലയിലെ മുഴുവൻ മനുഷ്യ സ്നേഹികൾക്കും ആശുപത്രി അധിക്യതർക്കും മുഹമ്മദ് നൗസിൻ നന്ദി അറിയിക്കുകയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു. കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി, മറ്റു ഭാരവാഹികളായ ഹാഷിം കോട്ടക്കൽ, ആർ.കെ അഹമ്മദ് എന്നിർ നേതൃത്വം നൽകി.

Tags:    
News Summary - Mubin Ara left for further treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.