മസ്കത്ത്: സ്ത്രീകൾക്കും കുട്ടികൾക്കും യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി അടുത്ത ഒരു വർഷത്തിനുള്ളിൽ 200 വനിത ടാക്സി ഡ്രൈവർമാരെ നിയമിക്കാൻ ഒരുങ്ങി ഒമാൻ. രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ജനുവരി മുതൽ വനിത ടാക്സി സർവിസ് തുടങ്ങിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലാണ് ഗതാഗത രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ച് വനിത ടാക്സി ഓടി തുടങ്ങിയത്. നിലവിൽ 20ഓളം സ്ത്രീകളാണ് ഡ്രൈവർമാരായി പ്രവർത്തിക്കുന്നത്. പ്രാദേശിക ടാക്സി സര്‍വിസ് ആപ്പായ 'ഒ ടാക്സി'ക്കാണ് ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രാലയം വനിത ടാക്സി സർവിസ് നടത്താനുള്ള ലൈസൻസ് അനുവദിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ സ്ത്രീകൾ ഓടിക്കുന്ന 50 കാറുകളും ഒരു വർഷത്തിനുള്ളിൽ 200 വനിത ഡ്രൈവർമാരെയുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്ന് 'ഒ ടാക്സി' സി.ഇ.ഒ എൻജിനീയർ ഹരിത് അൽ മെഖ്ബാലി പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ സുഹാർ, സലാലയുൾപ്പെടെയുള്ള മറ്റു സ്ഥലങ്ങളിലേക്കും വനിത ടാക്സി സർവിസ് വ്യാപിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. വെള്ള, പിങ്ക് നിറങ്ങളിലുള്ളതാണ് വനിത ടാക്സി. മസ്കത്തിൽ വീട്ടുവാതിൽക്കൽവരെ സേവനമെത്തിക്കുന്ന തരത്തിലാണ് സർവിസ് ഒരുക്കിയിരിക്കുന്നത്. ഏത് സാഹചര്യങ്ങളെയും നേരിടാൻ പരിശീലനം ലഭിച്ചവരെയാണ് ഡ്രൈവർമാരായി നിയമിച്ചിട്ടുള്ളത്. തുടക്കമെന്ന നിലയിൽ രാവിലെ ആറു മുതൽ രാത്രി പത്തുവരെയാണ് സേവനം. സമീപഭാവിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറും. കോളജുകളിലേക്കും ഓഫിസുകളിലേക്കും പോകുന്ന നിരവധി ആളുകൾക്ക് സർവിസ് ഗുണകരമാകുന്നുണ്ടെന്നാണ് പലരും പറയുന്നത്. 2018ലാണ് 'ഒ ടാക്സി' കമ്പനി രാജ്യത്ത് പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ മസ്കത്ത്, സൂർ, നിസ്വ, സൊഹാർ, സലാല തുടങ്ങിയ പ്രധാന നഗരങ്ങളിലായി 1,800ലധികം ഡ്രൈവർമാർ കമ്പനിക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.