കോവിഡിൽ കൂടുതൽ ആശ്വാസം; കടന്നുപോയത് മരണങ്ങളില്ലാത്ത ഏഴു ദിനങ്ങൾ

മസ്കത്ത്: കഴിഞ്ഞ ഒരാഴ്ചക്കിടെ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് കൂടുതൽ ആശ്വാസം നൽകുന്നു. ഒരിടവേളക്കുശേഷം കോവിഡ് കേസുകൾ കുതിച്ചുയരാൻ തുടങ്ങിയിട്ട് ഇതാദ്യമായാണ് തുടർച്ചയായി ഇത്രയും ദിവസങ്ങൾ മരണങ്ങളില്ലാതെ കടന്നുപോകുന്നത്. മാർച്ച് 10നാണ് അവസാനമായി രാജ്യത്ത് കോവിഡ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം ഇതുവരെ ആറുപേർ മാത്രമാണ് മഹാമാരി ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം 94 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. ഏറ്റവും കുടുതൽ ആളുകൾ മരിച്ചത് ഫെബ്രുവരി ആറിനായിരുന്നു. 14 ആളുകൾക്കാണ് അന്ന് മഹാമാരിമൂലം ജീവിതം നഷ്ടമായത്. ജനുവരിയിൽ 30 പേരെയാണ് കോവിഡ് കൊണ്ടുപോയത്. എന്നാൽ, ഡിസംബറിൽ മൂന്നും നവംബറിൽ രണ്ടും ആളുകൾ മാത്രമാണ് മരിച്ചിരുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കിടെ 1173പേർക്കാണ് കോവിഡ് ബാധിച്ചത്. 2949പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മാർച്ച് 13ന് ആണ്. പ്രതിവാര അവധികഴിഞ്ഞുള്ള അന്ന് 457പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ 1653 പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു.

രോഗമുക്തി നിരക്ക് ഉയരുന്നതും മരണവും നിയന്ത്രിക്കാൻ കഴിഞ്ഞതും പ്രതീക്ഷയോടെയാണ് ആരോഗ്യമേഖലയിലുള്ളവർ നോക്കിക്കാണുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറച്ചുകൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.

ഫെബ്രുവരി മാസത്തിന്‍റെ തുടക്കത്തിൽ പ്രതിദിനം നൂറുരോഗികളെ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും ആശുപത്രിവാസവും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവും ആരോഗ്യമേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ, മാർച്ച് പകുതിയായപ്പോഴേക്കും ദിനേന 25ൽ താഴെവരെ മാത്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയുണ്ടായി. കോവിഡ് കേസുകൾ നിയന്ത്രണാധീനമായതോടെ മാർച്ച് ഒന്നുമുതൽ തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ലെന്ന് കോവിഡ് അവലോകന സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

എന്നാൽ, ഇൻഡോർ ഹാളുകളിലും അടച്ചിട്ട മുറികളിലും നടക്കുന്ന പരിപാടികൾക്ക് മാസ്ക് നിർബന്ധമാണ്. പ്രതിദിന രോഗ നിരക്കുകൾ ഉയർന്നതോടെ അധികൃതർ സ്വീകരിച്ച നടപടികളാണ് കോവിഡ് വ്യാപനവും മരണവും കുറക്കാൻ സഹായകമായതെന്ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നു.

Tags:    
News Summary - More relief in Covid; Seven days without any deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.