മസ്കത്ത്: ഒമാൻ വിഷൻ 2040ന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ ഭാഗമായി മസീറ വിലായത്തിൽ വിവിധോദ്ദേശ്യ തുറമുഖം വികസിപ്പിക്കാൻ ഒമാൻ പദ്ധതിയിടുന്നതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ ഫിഷിങ് പോർട്സ് ആക്ടിങ് ഡയറക്ടർ ജനറൽ സെയ്ഫ് ബിൻ അബ്ദുല്ല അൽ അമിരി പറഞ്ഞു. പ്രാദേശിക റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സർക്കാറിന്റെ നിർദേശങ്ങളുടെ ഭാഗമായാണ് മസീറ വിലായത്തിൽ വിവിധോദ്ദേശ്യ തുറമുഖം സ്ഥാപിക്കുന്നത്.
ഫിഷറീസ്, ടൂറിസം, ഗതാഗത മേഖലകളിൽ സുരക്ഷാ സൗകര്യങ്ങളോടെയുള്ള സേവനം നൽകുന്നതിനായി ജൂൺ 26ന് തുറമുഖ നിർമാണത്തിന് ടെൻഡർ നൽകിയിട്ടുണ്ട്. കരയും സമുദ്രവും ഉൾപ്പെടെ 18,00000 ചതുരശ്ര മീറ്ററാണ് പദ്ധതിയുടെ ആകെ വിസ്തീർണമെന്ന് അൽ അമിരി ചൂണ്ടിക്കാട്ടി. ബ്രേക്ക് വാട്ടറുകൾക്കായി ഫ്ലോട്ടിങ് ആങ്കറുകൾ ഉണ്ടായിരിക്കും. അതിന്റെ നീളം 4,172 മീറ്ററായി വർധിപ്പിക്കും. കോസ്റ്റ് ഗാർഡിന് 132 മീറ്റർ നീളമുള്ള ഫിക്സഡ് ബർത്ത്, സമുദ്രഗതാഗതത്തിനായി 132 മീറ്റർ നീളമുള്ള ഫിക്സഡ് ബർത്ത്, ഫെറികൾക്ക് സ്ലൈഡ്, യാത്രക്കാർക്കുള്ള ടെർമിനൽ, ടൂറിസ്റ്റ് യാച്ചുകൾക്ക് നാല് ബെർത്തുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർഫിങ്, പക്ഷി നിരീക്ഷണം, ജനവാസമില്ലാത്ത ബീച്ചുകൾ, മനോഹരമായ കടൽക്കാഴ്ചകൾ, ദുർഘടമായ ഭൂപ്രദേശങ്ങൾ എന്നിവക്ക് പേരുകേട്ട മസീറ ദ്വീപ് വർഷം മുഴുവനും സന്ദർശകരെത്തുന്ന സ്ഥലമാണ്. കടൽത്തീരങ്ങൾ ആമകളുടെ ആവാസകേന്ദ്രമാണ്. മസീറ ബീച്ചുകളിലെ കടലാമകളാണ് വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നത്.
ലോഗർഹെഡ് കടലാമകൾ, പച്ച ആമകൾ എന്നിവ ലോകത്തിൽതന്നെ ഏറ്റവും കൂടുതലായി കാണുന്നത് ഇവിടെയാണ്. പാറകൾ നിറഞ്ഞ ഭൂപ്രദേശങ്ങളും കൂർത്ത പർവതങ്ങളും പര്യവേക്ഷണം ചെയ്യാൻ ഓഫ്റോഡ് സൗകര്യവും ഇവിടെയുണ്ട്. ക്യാമ്പിങ്ങിന് അനുയോജ്യമാണ് ബീച്ചുകൾ . ദ്വീപിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മാർസിസ് പഴയ കോട്ട. ഇത് പുരാതന കാലം മുതലുള്ള വിലായത്തിന്റെ ചരിത്രത്തിന് സാക്ഷിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.