മസ്കത്ത്: സ്ത്രീയെ കൊലപ്പെടുത്തിയെന്ന് കരുതുന്ന സംഭവവുമായി ബന്ധപ്പെട്ട് സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്നാണ്, സ്വദേശി പൗരയെ കൊലപ്പെടുത്തിയെന്ന സംശയത്തെത്തുടർന്ന് ഇയാളെ പിടികൂടുന്നത്. ലിവ വിലായത്തിലാണ് സംഭവം. ഇയാൾക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, രാജ്യത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേക്കേൽപിക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. ഡിസംബറിൽ നാലു സംഭവങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. കുടുംബ വഴക്കിനെ തുടർന്ന് ഡിസംബർ ഏഴിന് ഒരുസ്ത്രീ മരിച്ചിരുന്നു. സീബ് വിലായത്തിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പൊലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്. മറ്റൊരു സംഭവം ദാഹിറ ഗവർണറേറ്റിൽ 12നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇബ്രിയിലെ വിലായത്തിൽ ഒരു സ്ത്രീയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാളെ പിടികൂടി.
കുടുംബവഴക്കിനെത്തുടർന്ന് ബന്ധുക്കളിൽ ഒരാളെ കത്തികൊണ്ട് മർദിക്കുകയും സ്വയം ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ സ്വദേശി വനിതയെ 17ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. കത്തികൊണ്ടുള്ള മർദനത്തിൽ ഒന്നിലധികം പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.18ന് ദോഫാർ ഗവർണറേറ്റിലാണ് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത്. പ്രാദേശിക ബാങ്കിൽ ജോലി ചെയ്യുന്നതിനിടെ വനിതാ ജീവനക്കാരിയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പൗരനെ പിടികൂടിയിട്ടുണ്ട്. രാജ്യത്ത് കത്തിക്കുത്ത് വർധിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്തരക്കാർക്ക് കനത്ത ശിക്ഷ നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.