മസ്കത്ത്: വയനാട് മുസ്ലിം യതീംഖാനയുടെ മസ്കത്ത് വെൽഫെയർ കമ്മിറ്റി ആഭിമുഖ്യത്തിൽ യതീംഖാനയുടെ കാര്യദർശി എം.എ. മുഹമ്മദ് ജമാലിനെ മസ്കത്തിലെ പൗരസമൂഹം ആദരിച്ചു. ‘ഹൃദയപൂർവം ജമാൽ സാഹിബിനൊപ്പം’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അധ്യക്ഷൻ അഹമ്മദ് റഹീസ് ഉദ്ഘാടനം ചെയ്തു. ടി. സിദ്ദീഖ് എം.എൽ.എ മുഖ്യാതിഥിയായി. യതീംഖാനയുടെ പ്രവാസി പോഷക ഘടകങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ മുഹമ്മദ് ജമാൽ ഒമാനിലേക്കു വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് നാട്ടുകാരും ഒമാൻ വെൽഫെയർ കമ്മിറ്റിയും ചേർന്ന് ആദരമൊരുക്കുന്നത്. മസ്കത്ത് കെ.എം.സി.സി അധ്യക്ഷൻ അഹമ്മദ് റഹീസ്, ടി. സിദ്ദീഖ് എന്നിവർ ചേർന്ന് മുഹമ്മദ് ജമാലിന് ഉപഹാരം നൽകി.
വയനാട്ടിലെ മുട്ടിൽ എന്ന കൊച്ചുഗ്രാമത്തിൽ തുടങ്ങിയ ഒരു യതീംഖാനയുടെ അമരത്തുനിന്നും ഉത്തരേന്ത്യൻ ഗ്രാമങ്ങൾ വരെ എത്തിനിൽക്കുന്നതാണ് ഡബ്ല്യു.എം.ഒ ഓർഫനേജിന്റെയും മുഹമ്മദ് ജമാലിന്റെയും പ്രവർത്തന മണ്ഡലം. മാർച്ച് റുവി ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന പരിപാടിയിൽ വെൽഫെയർ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം ഖുറിയാത് അധ്യക്ഷത വഹിച്ചു. അൻവർ ഹാജി, പി.ടി.കെ. ഷമീർ, മുജീബ് ഫൈസി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ജമാലിന്റെ ജീവിതം പ്രമേയമാക്കി രചിച്ച ‘സച്ചരിതന്റെ ഉദ്യാനം’ എന്ന പുസ്തകത്തിന്റെ ഒമാൻതല പ്രകാശനം മസ്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ടി. സിദ്ദീഖ് എം.എൽ.എക്ക് നൽകി നിർവഹിച്ചു. നുസാർ മാസ്റ്റർ വയനാട്, അഫ്സൽ ബത്തേരി, ഷമീൽ, ഹുസൈൻ വയനാട്, താജുദ്ദീൻ കല്യാശ്ശേരി, ഫൈസൽ വയനാട്, മുനീർ മുണ്ടക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദ് വാണിമേൽ സ്വാഗതവും റിയാസ് വയനാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.