ഒമാനിൽ നടക്കുന്ന ഈത്തപ്പഴ വിളവെടുപ്പിൽനിന്ന് (ഫയൽ)
മസ്കത്ത്: കഴിഞ്ഞ വർഷം സുൽത്താനേറ്റിൽ ഉൽപാദിപ്പിച്ചത് 3,96,775 ടൺ ഇത്തപ്പഴങ്ങൾ. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ പ്രാഥമിക കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ ഈത്തപ്പനകൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുകാണിക്കുന്നതാണ് ഈ കണക്കുകൾ.
ഈത്തപ്പഴ ഉൽപാദനത്തിൽ ഗവർണറേറ്റിൽ ദാഖിലിയയാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം 70,604 ടണ്ണാണ് ഉൽപാദിപ്പിച്ചത്. നിസ്വ, ബഹ്ല, മനഅ തുടങ്ങിയ ചില വിലായത്തുകളിലെ ഈത്തപ്പന ഫാമുകളാണ് ദാഖിലിയയെ മുന്നിലെത്തിച്ചത്. 66,421 ടണ്ണുമായി ദാഹിറ ഗവർണറേറ്റ് തൊട്ടുപിറകിലും 58,508 ടൺ ഈത്തപ്പഴവുമായി തെക്കൻ ബാത്തിന ഗവർണറേറ്റ് മൂന്നാം സ്ഥാനത്തുമെത്തി.
55,487 ടണ്ണുമായി വടക്കൻ ബാത്തിന ഗവർണറേറ്റ് നാലാം സ്ഥാനത്തുമാണുള്ളത്. വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ ഒമാനിൽ കൃഷി ചെയ്യുന്നുണ്ട്. മൊത്തം ഉൽപാദനത്തിന്റെ 15 ശതമാനവുമായി ഖലാസാണ് ഒന്നാം സ്ഥാനത്തുള്ളത്. നാഗൽ 12 ശതമാനവും ഒമ്പത് ശതമാനവുമായി ഫർദുമാണ് തൊട്ടുപിറകിൽ. ഖസ്സബ്, മബ്സിലി എന്നിവയാണ് പിന്നീട് വരുന്നത്.
ഒമാനിൽ ഒരാൾക്ക് ശരാശരി വാർഷിക ഈത്തപ്പഴ ഉപഭോഗം 60 കിലോയാണെന്ന് കണക്കാക്കുന്നു. പുതിയ ഈത്തപ്പഴ സീസൺ (റുത്ത്ബ്) ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച് ചില ഗവർണറേറ്റുകളിൽ നവംബർ ആദ്യ പകുതി വരെ നീളും.ഒമാന്റെ കാർഷിക സമ്പദ്വ്യവസ്ഥയുടെ ഒരു പ്രധാന സ്തംഭമാണ് ഈത്തപ്പഴ ഉൽപാദനം.
ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കും നിക്ഷേപകർക്കും മികച്ച ഉപജീവനമാർഗവും കൂടിയാണിത്. ഈത്തപ്പഴ സിറപ്പ്, ജാം, മൊളാസസ്, ഈത്തപ്പഴപ്പൊടികൾ എന്നിവയുടെ ഉൽപാദനം ഉൾപ്പെടുന്നു. പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഒമാനി ഈത്തപ്പഴത്തിന് ആവശ്യക്കാർ ഏറെയാണുള്ളത്. ഇത് പ്രാദേശിക, ആഗോള വിപണികളിലേക്കുള്ള കയറ്റുമതി വിപുലീകരിക്കുന്നതിനുള്ള അവസരങ്ങളും നൽകുന്നു.
രാജ്യത്തെ സുപ്രധാന കാർഷിക വിളയാണ് ഈത്തപ്പഴം. കാലങ്ങളായി ഒമാനികളുടെ ജീവിതത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇവയിൽനിന്നുള്ള വരുമാനം പരമാവധിയാക്കാൻ സുൽത്താനേറ്റ് വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. രാജ്യത്ത് 250ലധികം ഈത്തപ്പനകൾ കൃഷിചെയ്യുന്നുണ്ട്. ഗുണനിലവാരം, അവയുടെ ഉപഭോഗത്തിന്റെ സ്വഭാവം, ഉൽപാദനക്ഷമത, വാർഷിക വളർച്ചനിരക്ക്, രോഗപ്രതിരോധം എന്നിവ അനുസരിച്ച് ഓരോന്നും വേറിട്ട് നിൽക്കുന്നു. ഒമാനി ഈത്തപ്പഴങ്ങളുടെ ചില ഇനങ്ങൾ ലോകത്തിലെ പ്രശസ്തമായ ചില ഇനങ്ങളുമായി ഗുണനിലവാരത്തിൽ താരതമ്യപ്പെടുത്താവുന്നതാണെന്ന് ചൂണിക്കാണിക്കുന്നു. ഓരോ ഗവർണറേറ്റും ചില ഇനങ്ങൾക്ക് പ്രശസ്തമാണ്.
ഒമാനിൽ 250ലധികം ഇനം ഈത്തപ്പഴങ്ങളുണ്ട്. ഖലാസ്, കുനൈസി, ഫർഗ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടവ. അബൂ ദുഹൈൻ എന്നത് ഏറെ വ്യതിരിക്തമായവയാണ്. ഇതിന് മറ്റ് ഈത്തപ്പങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അംശം കുറവായതിനാൽ മധുരവും കുറവാണ്. വടക്കൻ മേഖലയിലെ പ്രധാന വിപണനകേന്ദ്രമാണ് ഫഞ്ച സൂഖ്.
രാജ്യത്ത് മേയ് അവസാനം മുതൽ സെപ്റ്റംബർ വരെയാണ് ഇത്തപ്പഴ വിളവെടുപ്പ്. തെക്കൻ ശർഖിയ്യ ഗവർണറേറ്റിലാണ് ഈത്തപ്പഴം ആദ്യം പാകമാവുന്നത്. അൽ നഗൽ, അൽ ബത്താഷ് എന്നീ മരങ്ങളാണ് ആദ്യ ഘട്ടത്തിൽ വിളവെടുപ്പിന് തയാറാവുന്നത്. ഈ ഭാഗങ്ങളിൽ ചൂട് കാലം വേഗത്തിൽ എത്തുന്നതു കൊണ്ടാണ് പെട്ടെന്ന് പാകമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.