മസ്‌കത്ത്: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതിനുള്ള ബിസിനസ് ചെലവുകൾ കണക്കാക്കുന്നതിൽ പുതിയ നിബന്ധനകളും ഭേദഗതികളും വരുത്തി ടാക്സ് അതോറിറ്റി. ഇത് സംബന്ധിച്ച ഉത്തരവ് (180/2026) ടാക്സ് അതോറിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇൻകം ടാക്സ് നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷനിലാണ് ഈ സുപ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നികുതിദായകർക്ക് തങ്ങളുടെ ബിസിനസ് ചെലവുകൾ ഏതെല്ലാം സാഹചര്യങ്ങളിലാണ് നികുതിയിൽ നിന്ന് കിഴിവ് ചെയ്യാൻ സാധിക്കുക എന്ന് വ്യക്തമാക്കുന്ന ഒരു പുതിയ വകുപ്പ് നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
നികുതി ഇളവിനായി സമർപ്പിക്കുന്ന ചെലവുകൾ ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ പൂർണമായും അത്യാവശ്യമായിട്ടുള്ളതായിരിക്കണമെന്നതാണ് ഇളവ് ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകളിലൊന്ന്. ടാക്സ് അതോറിറ്റി ചെയർമാന്റെ പ്രത്യേക അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഇത്തരം ചെലവുകൾ നികുതിയിൽ നിന്ന് കുറക്കാൻ അനുവദിക്കുകയുള്ളൂ. കൂടാതെ, ഇവ ഒരുവിധ നിയമപരമായ ബാധ്യതകളുടെയോ ചട്ടങ്ങളുടെയോ ലംഘനങ്ങളിൽ നിന്നുണ്ടായ ചെലവുകളുമാവരുത്. ഏത് ഉറവിടത്തിൽ നിന്നുള്ള നിയമലംഘനമായാലും അത്തരം ചെലവുകൾക്ക് ഒരു ഇളവും അനുവദിക്കില്ല.
വിവിധ സർക്കാർ ഭരണവിഭാഗങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന തീരുമാനങ്ങളുടെയോ നിർദേശങ്ങളുടെയോ ഭാഗമായി ബിസിനസുകൾക്ക് ഉണ്ടാകുന്ന ചെലവുകൾ കൃത്യമായി കൈകാര്യം ചെയ്യാനുള്ള മാർഗനിർദേശങ്ങളാണ് ഈ പുതിയ വകുപ്പിലൂടെ ലക്ഷ്യമിടുന്നത്. ഈ പുതിയ തീരുമാനവുമായി പൊരുത്തപ്പെടാത്ത മുൻകാല നിയമങ്ങളിലെ എല്ലാ വ്യവസ്ഥകളും റദ്ദാക്കുമെന്നും ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
2026 ജൂലൈ 20-ന് ഒമാൻ ഔദ്യോഗിക ഗസറ്റിൽ ഈ ഭേദഗതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2027 ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന പുതിയ നികുതി വർഷം മുതലായിരിക്കും ഈ പുതിയ ഭേദഗതി പൂർണ പ്രാബല്യത്തിൽവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.