മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനു കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക ‘സയൻസ് ഫിയസ്റ്റ’ വെള്ളി, ശനി ദിവസങ്ങളിലായി നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ അൽ ഹെയിൽ കാമ്പസിൽ നടക്കും. ഡിബേറ്റ്, സിമ്പോസിയം, ഓൺ ദി സ്പോട്ട് സയൻസ് പ്രോജക്ട്, എക്സിബിഷൻ, ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഐ.എസ്.ആർ.ഒ മുൻ ഡയറക്ടർ ഡോ. മയിൽ സ്വാമി അണ്ണാദുരൈ മുഖ്യാതിഥിയാകും.
ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്, ഒമാൻ നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. അലി സൗദ് ബിമാനി എന്നിവർ വിശിഷ്ടാതിഥികളുമാകും. രണ്ടു ദിവസത്തെ പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്തികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ഇന്ത്യൻ കമ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 4000ത്തോളംപേർ മേളയിൽ എത്തുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്.
പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ ശാസ്ത്ര മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പരിപാടിയിലേക്കും പ്രദർശനത്തിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുകയാണെന്ന് ഇന്ത്യൻ സയൻസ് ഫോറം കോഓഡിനേറ്റർ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.