മുദൈബി വിലായത്തിലെ അൽ സുലൈലിയിൽ കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ
മസ്കത്ത്: വടക്കൻ ശർഖിയയിലെ മുദൈബി വിലായത്തിലെ അൽ സുലൈലിയിൽ ഇരുമ്പ് യുഗത്തിലെ ശ്മശാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പൈതൃക, ടൂറിസം മന്ത്രാലയം ജർമനിയിലെ ഹീഡൻബർഗ് യുനിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ പര്യവേക്ഷണത്തിലാണ് അപൂർവമായ ഈ ചരിത്ര ശേഷിപ്പുകൾ കണ്ടെത്തിയത്. 250 ചതുരശ്ര മീറ്റർ സ്ഥലത്ത് 45 ശവകുടീരങ്ങളാണുള്ളത്. ഈ കണ്ടെത്തലുകൾ ഇരുമ്പ് യുഗത്തിലെ മനുഷ്യ ജീവിത രീതിയിലേക്ക് വെളിച്ചം വീശാൻ സഹായകമാണെന്ന് ഉത്ഖനനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ഇരുമ്പ് യുഗത്തിന്റെ ആദ്യ കാലഘട്ടത്തിൽ ഇവിടെ ജനവാസമുണ്ടയിരുന്നതായാണ് കരുതുന്നത്. വെങ്കല യുഗത്തിന് ശേഷമാണ് ഇതെന്നും കണക്കാക്കുന്നു. 700 മീറ്റർ അടുത്തായി പുരാതന ഖനി ഉള്ളതും ഇതുമായുള്ള ബന്ധത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ഇസ്ലാമിന്റെ ആദ്യ കാലഘട്ടവുമായി ബന്ധിക്കുന്ന തെളിവുകളാണ് ഇവിടെ നിന്ന് ലഭിച്ചിട്ടുള്ളത്. ശവകുടീരങ്ങൾക്ക് 3000വർഷത്തെ കാലപ്പഴക്കമുള്ളതായി കണക്കാക്കുന്നു. അവയുടെ നിർമാണവും വ്യത്യസ്തമാണ്. മരിച്ചയാളുടെ വൈവാഹിക നിലവാരം അനുസരിച്ചാണ് ശവകുടീരങ്ങൾ നിർമിച്ചിരിക്കുന്നത്. കണ്ടെടുത്ത പാത്രങ്ങൾ ഈ സ്ഥലം ഇസ്ലാമിന്റെ ആദ്യം കാലംവരെ നിലനിന്നിരുന്നു എന്നതിന് തെളിവാണ്. കല്ലുകൾ ഉരച്ച് മിനുക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും ലഭിച്ചിട്ടുണ്ട്. ഇതും ഈ മേഖലയുടെ ചരിത്രം പ്രാധാന്യം വിളിച്ചുപറയുന്നവയാണ്.
കുഴിച്ചെടുത്ത ചരിത്ര അവശിഷ്ടങ്ങൾ സ്ഥലം സന്ദർശിച്ച വടക്കൻ ശർഖിയ്യ ഗവർണർ മഹ് മൂദ് ബിൻ യഹ്യ അൽ ദഹ്ലിക്കും മറ്റ് ഉദ്യോഗസ്ഥർക്കും പര്യവേഷക സംഘം മേധാവി മകൈലാ ഗോഡിലേ സമർപ്പിച്ചു. ഇവിടെ കിട്ടിയ പുരാതന അവശിഷ്ടങ്ങൾ ചരിത്ര പരമായ ഏറ്റവും വലിയ തെളിവാണെന്നും പ്രത്യേകിച്ച് പുരാതന കാലത്ത് മേഖലയിൽ വെങ്കല നിർമാണം ഉണ്ടായിരുന്നുവെന്നതിലേക്ക് നയിക്കുന്നതായും സംഘം മേധാവി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.