മസ്കത്ത്: ആഗോള താപനം തടയുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളുയർത്തി ശനിയാഴ്ച അന്താരാഷ്ട്ര ഭൗമദിനം ആചരിക്കും. ഇതിന്റെ ഭാഗമായി ഒമാനിലും പരിസ്ഥിതി അതോറിറ്റി വിവിധ പരിപാടികളോടെ അന്താരാഷ്ട്ര ഭൗമദിനം ആചരിക്കും. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള സുപ്രധാന പരിസ്ഥിതി പ്രശ്നങ്ങളിൽ ഭൂമിയെ രക്ഷിക്കുക, വായുമലിനീകരണം അടക്കമുള്ള മനുഷ്യനുണ്ടാക്കുന്ന പ്രതിസന്ധികളിൽനിന്ന് ലോകജനതയെയും വരുംതലമുറയെയും സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ഭൗമദിനത്തിലൂടെ ലക്ഷ്യമിടുന്നത്. ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ ബോധമുണ്ടാക്കുക, വൈദ്യുതിയും മറ്റ് ഊർജങ്ങളും മിതമായി ഉപയോഗിക്കാൻ ജനങ്ങൾ വിവിധ പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും ദിനാചരണത്തിന്റെ ഭാഗമാണ്.
അനാവശ്യമായ വിളക്കുകളും വൈദ്യുതി ഉപകരണങ്ങളും ശനിയാഴ്ച രാത്രി എട്ടര മുതൽ ഒമ്പതരവരെ ഒരു മണിക്കൂർ നേരം പ്രവർത്തനരഹിതമാക്കിയാണ് ഭൗമദിനം ആചരിക്കേണ്ടത്. ലോകാടിസ്ഥാനത്തിൽ ആചരിക്കുന്ന ഈ ഒരു മണിക്കൂർ ഭൂമിയെ സംരക്ഷിക്കാൻ നടത്തുന്ന ഏറ്റവും എളിയതും എന്നാൽ, കൂടുതൽ ആളുകൾ അണിചേരുന്നതുമായ പരിപാടിയാണ്. കഴിഞ്ഞ വർഷം ദശലക്ഷക്കണക്കിന് ആളുകളാണ് ഭൗമദിനത്തിൽ പങ്കാളികളായത്. 192 രാജ്യങ്ങളിൽ കഴിഞ്ഞ വർഷം ഭൗമദിനം ആചരിച്ചിരുന്നു. അമേരിക്കയിലെ പ്രധാന കെട്ടിടങ്ങൾ, ഈഫൽ ടവർ, സിഡ്നിയിലെ ഒപേര ഹൗസ്, ഡൽഹിയിലെ ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലും കഴിഞ്ഞ വർഷം വിളക്കണച്ചിരുന്നു. 2007 സിഡ്നിയിലാണ് ആദ്യമായി ഭൗമദിനം ആചരിച്ചത്. പിന്നീട് അത് ലോകരാജ്യങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രധാന്യം നൽകുന്ന രാജ്യമാണ് ഒമാൻ. രാജ്യത്തെ ഹോട്ടലുകൾ മെഴുകുതിരി അത്താഴങ്ങൾ സംഘടിപ്പിച്ചാണ് ഭൗമദിനം ആചരിക്കുന്നത്. പ്രധാനപ്പെട്ട നിരവധി കെട്ടിടങ്ങളിൽ വിളക്കണക്കാറുണ്ട്. ഭൗമദിനാചരണം കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം തടയാൻ സഹായിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി അധികൃതർ പറയുന്നു.
പരിസ്ഥിതി മലിനീകരണം വൻ ആപത്തിലേക്ക് നയിക്കുമെന്നും നിരവധി പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാക്കുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി സംരക്ഷണത്തിന് ഏറെ പ്രധാന്യം നൽകുന്ന രാജ്യമാണ് ഒമാൻ. മരം നട്ടുപിടിപ്പിച്ചും പ്രകൃതി സംരക്ഷണത്തിന് നിയമനിർമാണം നടത്തിയും പരിസ്ഥിതിയെ സംരക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം അടക്കമുള്ള നിരവധി പദ്ധതികൾ നടപ്പാകുന്നുണ്ട്. 2050ഓടെ ഒമാൻ കാർബൺ ഡൈ ഓക്സൈഡ് മുക്തമാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.