സലാല: ഖരീഫ് ദോഫാർ സീസണിനോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ‘എൻവയോൺമെന്റൽ ഗാർഡിയൻസ്’ പദ്ധതിക്ക് ദോഫാർ ഗവർണറേറ്റിലെ എൻവയോൺമെന്റ് അതോറിറ്റി തുടക്കം കുറിച്ചു. ഈ കാലയളവിൽ ദോഫാറിലേക്ക് എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിഭംഗിയും പാരിസ്ഥിതിക സവിശേഷതകളും നിലനിർത്തുന്നതിനായുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് മാസക്കാലമാണ് കാലാവധി.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പ്രകൃതിദത്ത ഇടങ്ങൾ, ഹരിത പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഫീൽഡ് ടീമുകളുടെ സാന്നിധ്യം ശക്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ദോഫാർ ഗവർണറേറ്റിലെ എൻവയോൺമെന്റൽ കൺട്രോൾ ആൻഡ് എമർജൻസി വിഭാഗം മേധാവിയും പദ്ധതിയുടെ സൂപ്പർവൈസറുമായ അദ്നാൻ അഹമ്മദ് ഗവാസ് പറഞ്ഞു. പരിസ്ഥിതിക്കും സസ്യജാലങ്ങൾക്കും വന്യജീവികൾക്കും ദോഷം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും പെരുമാറ്റങ്ങളും തടയാനും പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തുക, പരിസ്ഥിതി ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുക, നിയമലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ അടിയന്തര നടപടി സ്വീകരിക്കുക എന്നിവയാണ് ഫീൽഡ് ടീമുകളുടെ ചുമതലകൾ. പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വം കാത്തുസൂക്ഷിക്കേണ്ടതിന്റെയും സസ്യജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് സന്ദർശകർക്ക് മാർഗനിർദേശം നൽകും. ദോഫാർ ഗവർണറേറ്റിന്റെ തനതായ പ്രകൃതി പൈതൃകം വരുംതലമുറക്കായി നിലനിർത്താൻ ഈ പ്രവർത്തനങ്ങൾ വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.