ഇന്തോ ഗൾഫ് ആൻഡ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സിന്റെ (ഐ.എൻ.എം.ഇ.സി.സി)
പ്രവർത്തനം സുൽത്താനേറ്റിൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ ചേംബർ ഓഫ്
കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസുമായി ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ഇന്ത്യയിലെയും പശ്ചിമേഷ്യയിലെയും ബിസിനസ് നേതൃനിരയിലുള്ളവരുടെയും പ്രഫഷനലുകളുടെയും കൂട്ടായ്മയായ ഇന്തോ- ഗൾഫ് ആൻഡ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സിന്റെ (ഐ.എൻ.എം.ഇ.സി.സി) പ്രവർത്തനം സുൽത്താനേറ്റിൽ വ്യാപിപ്പിക്കുന്നു. ഐ.എൻ.എം.ഇ.സി.സിയുടെ ഓഫിസ് മസ്കത്ത് ഗവർണറേറ്റിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസുമായി ധാരണയിൽ എത്തിയിരുന്നു. ഒ.സി.സി.ഐ ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസും ഐ.എൻ.എം.ഇ.സി.സി ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീനുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഒമാനും ഇന്ത്യയുമായുള്ള സാമ്പത്തിക, വാണിജ്യ, വ്യാപാര സഹകരണം വർധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് പുതിയ ചുവടുവെപ്പ്.
ഒമാന്റെ പ്രധാന വ്യാപാരപങ്കാളിയാണ് ഇന്ത്യയെന്ന് സ്വാഗതപ്രസംഗം നടത്തിയ ഐ.എൻ.എം.ഇ.സി.സി സ്ഥാപക ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു. ക്രൂഡോയിൽ, എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും വലിയ വിപണിയാണ് ഇന്ത്യ. ഒമാനിലേക്ക് ഏറ്റവുമധികം എണ്ണയിതര ഉൽപന്നങ്ങൾ ഇറക്കുമതിചെയ്ത രണ്ടാമത്തെ രാജ്യവും ഇന്ത്യയാണ്. ടൂറിസം, ഖനനം, കൃഷി, ഫിഷറീസ് തുടങ്ങി ഒമാൻ വിഷൻ 2040 മുൻഗണന നൽകുന്ന മേഖലകളുടെ പുരോഗതിക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ ഒമാൻ ചേംബറിനും ഐ.എൻ.എം.ഇ.സി.സിക്കും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് രാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണകരമായവിധത്തിൽ സമ്പദ്ഘടനയുടെ വിവിധ മേഖലകളുടെ വളർച്ചക്ക് ചുക്കാൻപിടിക്കാൻ ഇരുചേംബറുകൾക്കും സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ സംസാരിക്കവേ ശൈഖ് ഫൈസൽ പറഞ്ഞു. നൂറ്റാണ്ടുകളുടെ വ്യാപാര, വാണിജ്യ, സാംസ്കാരിക ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. 2021-22 വർഷം 9.988 ശതകോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇന്ത്യയിലും ഒമാനിലുമായുള്ള നിരവധി സംയുക്ത സംരംഭങ്ങളിലൂടെയടക്കം നിക്ഷേപവും ധാരാളമായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുഹാർ, സലാല ഫ്രീസോണുകളിലടക്കം ഇന്ത്യൻ കമ്പനികളാണ് മുൻനിര നിക്ഷേപകരെന്ന് ഐ.എൻ.എം.ഇ.സി.സിയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു. ഒമാനിൽ 7.5 ശതകോടി ഡോളർ മൂല്യമുള്ള ആറായിരത്തോളം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളാണുള്ളത്. ദുകം ഫ്രീസോണിലും ധാരാളം നിക്ഷേപങ്ങൾ വരുന്നുണ്ട്. സാമ്പത്തിക-വാണിജ്യ സഹകരണങ്ങൾ വർധിപ്പിക്കുന്നതിൽ ഇന്ത്യയും ഒമാനും മുൻഗണനയാണ് നൽകുന്നതെന്നും ഡോ. എൻ.എം. ഷറഫുദ്ദീൻ പറഞ്ഞു.
ഒമാൻ വിഷൻ 2040മായി ബന്ധപ്പെട്ട നിർദേശങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. ടൂറിസം, ഉൽപാദനമേഖല, വ്യാപാരം, കാർഷികം, ഒമാനി യുവാക്കളുടെ തൊഴിൽ മികവ് ഉയർത്തൽ തുടങ്ങിയ മേഖലകളിലായിരിക്കും ഇരുചേംബറുകളും ഒരുമിച്ച് പ്രവർത്തിക്കുക. ഈ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒമാനിലും ഇന്ത്യയിലും നിക്ഷേപക മീറ്റുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. പ്രവീൺകുമാർ, ഐ.എൻ.എം.ഇ.സി.സി സെക്രട്ടറി ജനറൽ ഡോ. സുരേഷ്കുമാർ മധുസൂദനൻ, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ബോർഡ് ഡയറക്ടർ അബ്ദുൽ ലത്തീഫ്, ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റർ ആക്ടിങ് പ്രസിഡൻറ് മുഹ് യുദ്ദീൻ മുഹമ്മദ് അലി, ചാപ്റ്റർ ഡയറക്ടർമാരായ അഫ്താബ് പട്ടേൽ, വാരിത് അൽ ഖാറൂസി, അഹമ്മദ് റഈസ്, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് അധികൃതർ തുടങ്ങിയവരും ധാരണപത്രം ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.