മബേലയിലെ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ വന്ധ്യത ചികിത്സ സേവനങ്ങളുടെ
ഉദ്ഘാടനം നടന്നപ്പോൾ
മസ്കത്ത്: രാജ്യത്തെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് വന്ധ്യത ചികിത്സ സേവനങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.വി.എഫ് ശൃംഖലകളിലൊന്നായ സീഡ്സ് ഓഫ് ഇന്നസെൻസുമായി (എസ്.ഒ.ഐ) സഹകരിച്ചാണ് ഈ രംഗത്ത് നൂതന ചികിത്സ രീതികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
മബേലയിലെ ബദർ അൽ സമ മെഡിക്കൽ സെന്ററിൽ നടന്ന ലളിതമായ ചടങ്ങിൽ പുതിയ ചികിത്സ സേവനത്തിന്റെ ഉദ്ഘാടനം നടന്നു. വിപുലമായ ഇൻഫ്രാസ്ട്രക്ചറും വിദഗ്ധരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെയും സേവനങ്ങൾ കേന്ദ്രത്തിൽനിന്ന് ലഭിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികളില്ലാത്ത 100 ദമ്പതികൾക്ക് സൗജന്യ കൺസൽട്ടേഷനും നൽകുന്നതാണെന്ന് മാനേജ്മെന്റ് ഭരവാഹികൾ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ബദർ അൽ സമ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ്, സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റും ഐ.വി.എഫുമായ ഡോ. ഗൗരി അഗർവാൾ, ബദർ അൽ സമ സി.ഇ.ഒ പി.ടി. സമീർ, സി.ഒ.ഒ ജേക്കബ് ഉമ്മൻ, സീഡ്സ് ഓഫ് ഇന്നസെൻസിന്റെ സി.ഇ.ഒ ചേതൻ കോഹ്ലി, ബദർ അൽ സമയുടെ മുതിർന്ന മാനേജ്മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ, സ്റ്റാഫ്, മറ്റ് അതിഥികൾ എന്നിവർ പങ്കെടുത്തു.
അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ അസിസ്റ്റഡ് റീപ്രൊഡക്ടിവ് ടെക്നോളജീസ്, ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണം, ജനിതക രോഗനിർണയം, ജനിതക അപാകതകൾ അല്ലെങ്കിൽ ഡൗൺ സിൻഡ്രോം, ഗർഭ പിണ്ഡത്തിലെ മറ്റ് ക്രോമസോം തകരാറുകൾ എന്നിവ പോലുള്ള പാരമ്പര്യ ജനിതക രോഗങ്ങളെ ഇല്ലാതാക്കാനുള്ള പ്രീഇംപ്ലാന്റേഷൻ ജനറ്റിക് സ്ക്രീനിങ് (പി.ജി.എസ്), പ്രീ ഇംപ്ലാന്റേഷൻ ജനിതക രോഗനിർണയം (പി.ജി.ഡി) എന്നിവ പോലുള്ള സേവനങ്ങൾ ലഭ്യമാണ്.
ആരോഗ്യസംരക്ഷണ ആവശ്യങ്ങൾക്കായി ആരും രാജ്യത്തിന് പുറത്തേക്ക് പോകേണ്ടതില്ലെന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് വന്ധ്യത സേവനങ്ങൾ ആരംഭിച്ചിരിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഐ.വി.എഫിൽ മികച്ച ഫലങ്ങൾ ഉറപ്പാക്കാൻ സീഡ്സ് ഓഫ് ഇന്നസെൻസിൽ മികച്ച വൈദഗ്ധ്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒമാനിൽ അടുത്തിടെ വന്ധ്യത കേസുകളുടെ വർധനവ് കണ്ടിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐ.വി.എഫ് ആരംഭിക്കുന്നതിനുള്ള ഉചിതമായ സമയമാണിതെന്നും മാനേജിങ് ഡയറക്ടറായ ഡോ. പി.എ. മുഹമ്മദ് പറഞ്ഞു. വന്ധ്യതക്ക് മിതമായ നിരക്കിൽ ഏറ്റവും മികച്ച ചികിത്സ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
12 വർഷത്തെ തന്റെ ചികിത്സാനുഭവങ്ങൾ സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റും ഐ.വി.എഫുമായ ഡോ. ഗൗരി അഗർവാൾ പങ്കുവെച്ചു. ബദർ അൽ സമയും എസ്.ഒ.ഐയും ഈ കേന്ദ്രത്തിൽ മികച്ച സാങ്കേതികവിദ്യയും മനുഷ്യശേഷിയും ഉപയോഗിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകാൻ കേന്ദ്രം സജ്ജമാണെന്ന് സീഡ്സ് ഓഫ് ഇന്നസെൻസിന്റെ സി.ഇ.ഒ ചേതൻ കോഹ്ലി പറഞ്ഞു. ഐ.വി.എഫ് സേവനങ്ങൾ യാഥാർഥ്യമാക്കാൻ പങ്കാളികളായ എല്ലാ ആളുകൾക്കും സി.ഒ.ഒ ജേക്കബ് ഉമ്മൻ നന്ദി പറഞ്ഞു. ബദർ അൽ സമയുടെ ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻ ഹെഡ് ആസിഫ് ഷാ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.