മസ്കത്ത്: തലസ്ഥാന നഗരിയിലെ ആറ് ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പുതിയ അധ്യയന വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായി. ഞായറാഴ്ച നടന്ന രണ്ടാം ഘട്ട നറുക്കെടുപ്പിൽ 1400 കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. ഇതോടെ, അപേക്ഷ നൽകിയ എല്ലാവർക്കും പ്രവേശനം നൽകാൻ കഴിഞ്ഞതായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൻ വി.ജോർജ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. മൊത്തം അയ്യായിരത്തോളം പേർക്കാണ് ഇൗ അധ്യയന വർഷം പ്രവേശനം നൽകിയത്. സ്കൂൾ പ്രവേശനത്തിനുള്ള ഒന്നാംഘട്ട നറുക്കെടുപ്പ് കഴിഞ്ഞമാസം പകുതിയോടെ നടന്നിരുന്നു. 3500 കുട്ടികൾക്കാണ് ഒന്നാംഘട്ട നറുക്കെടുപ്പിൽ പ്രവേശനം ലഭിച്ചത്. ഇതിൽ അധിക പേർക്കും രാവിലത്തെ ഷിഫ്റ്റിലാണ് പ്രവേശനം ലഭിച്ചത്. ഒന്നാംഘട്ട നറുക്കെടുപ്പിന് ശേഷം രക്ഷിതാക്കൾക്ക് സീറ്റുകളുടെ ലഭ്യതയനുസരിച്ച് റീമാർക്ക് ചെയ്യുവാൻ അവസരം നൽകിയിരുന്നു. ഇങ്ങനെ 1400 കുട്ടികളാണ് അപേക്ഷകളിൽ റീ മാർക്ക് നടത്തിയത്. ഇവർക്കെല്ലാം സീറ്റുകൾ നൽകിയിട്ടുണ്ട്. എന്നാൽ, നേരത്തേ അപേക്ഷ നൽകിയ 200 ലധികം കുട്ടികൾ റീമാർക്ക് ചെയ്തിരുന്നില്ല.
വൈകുന്നേര ഷിഫ്റ്റ് ഏർപ്പെടുത്തിയും കൂടുതൽ സീറ്റുകൾ ഒരുക്കിയും പുതിയ ഡിവിഷനുകൾ ഉണ്ടാക്കിയുമാണ് അഡ്മിഷൻ പ്രശ്നം പരിഹരിച്ചത്. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഒഴികെ എല്ലാ സ്കൂളുകളിലും ഷിഫ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. സീബ് ഇന്ത്യൻ സ്കൂളിലാണ് ഇൗ വർഷം പുതുതായി ഷിഫ്റ്റ് ഏർപ്പെടുത്തിയത്. കഴിഞ്ഞവർഷം തന്നെ സീബ് സ്കൂളിൽ ഷിഫ്റ്റിന് അംഗീകാരം ലഭിച്ചിരുന്നെങ്കിലും അപേക്ഷകർ കുറവായതിനാൽ ഉപയോഗപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇൗ വർഷം സീബ് ഇന്ത്യൻ സ്കൂളിലും വൈകുന്നേര ഷിഫ്റ്റ് ഏർപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചതെന്ന് ചെയർമാൻ പറഞ്ഞു. ചില സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടിയതാണ് ഇൗ വർഷം കൂടുതൽ അപേക്ഷകരെത്താൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. 800 ലധികം കുട്ടികൾ ഇൗ വിഭാഗത്തിൽ എത്തിയതായി കണക്കാക്കുന്നു. അതിനാൽ, ഇൗ വർഷം സ്കൂൾ പ്രവേശനം കീറാമുട്ടിയാവുമെന്ന് കരുതിയിരുന്നു. എന്നാൽ, ഡയറക്ടർ ബോർഡിലെ അഡ്മിഷൻ വിഭാഗവും വിവിധ സ്കൂൾ പ്രതിനിധികളും കൂട്ടായി ശ്രമം നടത്തിയതാണ് പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ സഹായകമായതെന്ന് അദ്ദേഹം പറഞ്ഞു. ഇൗ വിഷയത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതായും ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.