പരീക്ഷ അവസാനവട്ട പഠനത്തിൽ വിദ്യാർഥിനികൾ. മസ്കത്ത് ഇന്ത്യൻ സ്കൂളിൽനിന്നുള്ള കാഴ്ച
-വി.കെ. ഷെഫീർ
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിവിധ ക്ലാസുകളിലെ സി.ബി.എസ്.ഇ പരീക്ഷകൾ പുരോഗമിക്കുന്നു. ഫെബ്രുവരി 15ന് പരീക്ഷകൾ ഔദ്യോഗികമായി ആരംഭിച്ചിരുന്നു എങ്കിലും എല്ലാ വിദ്യാർഥികളും പരീക്ഷക്കെത്തിയത് കഴിഞ്ഞദിവസമായിരുന്നു. പ്ലസ് ടു ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷയാണ് കഴിഞ്ഞദിവസം നടന്നത്. ഭാഷാ വിഷയങ്ങൾ, പെയ്ന്റിങ്, മ്യൂസിക് തുടങ്ങിയ പാഠ്യാനുബന്ധ വിഷയങ്ങൾ എന്നിവ ദിവസങ്ങൾക്കുമുമ്പ് പൂർത്തിയായിരുന്നു. പത്ത്, 12 ക്ലാസുകളിലെ പൊതുപരീക്ഷകൾ യഥാക്രമം മാർച്ച് 21നും ഏപ്രിൽ അഞ്ചിനുമാണ് അവസാനിക്കുക. അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ പരീക്ഷകൾ മാർച്ച് ആദ്യവാരം മുതൽ നടക്കും. 11ാം ക്ലാസിലെയും വാർഷിക പരീക്ഷ വരുംദിവസങ്ങളിൽ പൂർത്തിയാകും. പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കളും അധ്യാപകരും കൂടെയുണ്ട്. മാർച്ച് മൂന്നാം വാരത്തോടെ എല്ലാ സ്കൂളുകളിലെയും പരീക്ഷകൾ കഴിയും. പിന്നീട് വിദ്യാലയങ്ങൾ താൽക്കാലികമായി അടക്കും. വിവിധ സ്കൂളുകളിൽ 10മുതൽ 20 ദിവസം വരെ അവധി ലഭിക്കും. ഇതിനുശേഷം പുതിയ അധ്യയനവർഷം ഏപ്രിലിൽ ആരംഭിക്കും. രാജ്യത്തെ സ്കൂളുകളിൽ മധ്യവേനലവധി ജൂണിലാണ് തുടങ്ങുക. രാജ്യത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്കൂൾ മസ്കത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് പരീക്ഷ എഴുതുവാൻ കഴിഞ്ഞദിവസം രാവിലെ തന്നെ എത്തിയത്. കോവിഡ് മഹാമാരിയുടെ ഭീതി പരിപൂർണമായി ഒഴിഞ്ഞശേഷമുള്ള ആദ്യത്തെ പൊതുപരീക്ഷയാണ് ഈവർഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.