രജിലാൽ
പ്രിയപ്പെട്ട രജിലാൽ വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്നു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ കൺവീനറായി പ്രവർത്തിച്ചിരുന്ന രജിലാൽ ഒമാനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലെ സജീവ സന്നിധ്യമായിരുന്നു. പിന്നീട് അബൂദബിയിലേക്ക് ജോലി സംബന്ധമായി പോയി. അവിടെയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുവരവെയാണ് മരണം അദ്ദേഹത്തിന്റെ ജീവൻ വാഹനാപകടത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്.
സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയും ജീവിതത്തിലുടനീളം മുറുകെ പിടിച്ചയാളായിരുന്നു രജിലാൽ. തന്റെ ഹ്രസ്വമായ ജീവിത കാലം മുഴുവൻ താൻ മനസ്സിൽ കൊണ്ടുനടന്ന പുരോഗമനാശയങ്ങൾ സമൂഹത്തിനുപകരിക്കുന്ന നിലയിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിൽ അതീവ നിഷ്കർഷ പുലർത്തിയിരുന്നു.
രജിലാൽ വിട പറഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് ഇത്തവണ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ (ഐ.സി.എഫ്) സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ തവണത്തെ ഐ.സി.എഫ് വേളയിലാണ് രജിലാൽ അവസാനമായി ഒമാൻ സന്ദർശിച്ചത്. കേരള വിഭാഗത്തിന്റെ കൺവീനറായി പ്രവർത്തിച്ചിരുന്ന നാലു വർഷക്കാലം(2014 – 2017) കൊണ്ട് സംഘടനയുടെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാൻ രജിലാലിന് സാധിച്ചു. പുരോഗമനപരമായ നിരവധി മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുവരാനും അത്തരം ആശയങ്ങളിൽ അധിഷ്ഠിതമായ പരിപാടികൾ സംഘടിപ്പിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടനക്ക് സാധിച്ചിരുന്നു.
2014ലെ ഐ.സി.എഫിന്റെ മുദ്രാവാക്യം ‘കുട്ടികൾ വെറും കുട്ടികളല്ല’ എന്നതായിരുന്നു. കുട്ടികളെ സ്വാധീനിക്കുന്ന രീതിയിലുള്ള പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് കൂടുതൽ കുടുംബങ്ങളെ കേരള വിഭാഗത്തിലേക്ക് ആകർഷിക്കാൻ അത്തരം പരിപാടികൾക്ക് സാധിച്ചു. എല്ലാ വർഷവും നടത്തിവരാറുള്ള ‘വേനൽത്തുമ്പികൾ’ ക്യാമ്പ് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും കൊണ്ടുവരുന്ന രീതിയിൽ മാറ്റിയെടുക്കുകയും ശിശുദിനം പോലുള്ള പരിപാടികളെ കേവലം കലാപരിപാടികൾ എന്നതിൽ കവിഞ്ഞ്, പ്രസ്തുത ദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന രീതിലേക്ക് പരിവർത്തിപ്പിക്കുകയും ചെയ്തു.
2015 ലെ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ മുദ്രാവാക്യമായിരുന്ന ‘സമാധാനപരമായ സഹവർത്തിത്വം’ രജിലാലിന്റെ സംഭാവനയായിരുന്നു. 2015ലെ ഐ.സി.എഫിലായിരുന്നു ഐ.സി.സി.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ്) കലാകാരന്മാർ ഒമാനിൽ ഇദംപ്രഥമമായി കലാപരിപാടികൾ അവതരിപ്പിക്കാനെത്തിയത്.
2016ലെ വനിത ദിനത്തിന്റെ മുദ്രാവാക്യം ‘അടുക്കള സ്ത്രീകൾക്കുള്ളതല്ല’ എന്നതായിരുന്നു. ഒമാനിൽ ആകെയും ഈ മുദ്രാവാക്യം ചർച്ച ചെയ്യപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന കാലത്ത് ഉയർന്നുവന്ന ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന ആശയത്തോളം തന്നെ സ്വീകരിക്കപ്പെട്ടു ‘അടുക്കള സ്ത്രീകൾക്കുള്ളതല്ല’ എന്ന പ്രസ്താവനയും. ആ വർഷത്തെ വനിത ദിനാഘോഷത്തിൽ അതിഥിയായെത്തിയ അന്നത്തെ മലയാളം മിഷൻ ഡയറക്ടർ പ്രഫ. സുജ സൂസൻ ജോർജ് ഈ മുദ്രാവാക്യത്തെ കുറിച്ച് എടുത്തുപറഞ്ഞത് ഇന്നും ഓർക്കുന്നു.
2016ലെ വിഷു-ഈസ്റ്റർ ആഘോഷത്തിന്റെ ഭാഗമായി കേരള സർക്കാറിന്റെ മൃതസഞ്ജീവനി മിഷനുമായി സഹകരിച്ചുകൊണ്ട് അവയവദാന പ്രതിജ്ഞയും നിരവധി രജിസ്ട്രേഷനുകളും നടത്താൻ മുന്നിട്ടിറങ്ങിയതും രജിലാൽ ആയിരുന്നു. ഇന്ത്യയിൽ ഫാഷിസം അടുക്കളയിൽ വരെ കടന്നെത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പലയിടങ്ങളിലും ബീഫ് ഫെസ്റ്റിവൽ പോലുള്ള പ്രതിരോധ സമരങ്ങൾ രൂപപ്പെടുന്നതിന് ഏറെക്കുറെ ഒരു വർഷം മുമ്പേ ഒമാനിൽ കേരള വിഭാഗം മുൻകൈയെടുത്ത് നടത്തിയ ബീഫ് ഫെസ്റ്റിവലും രജിലാൽ എന്ന ധിഷണശാലിയുടെ നേതൃത്വത്തിലായിരുന്നു.
ശാസ്ത്രവും ശാസ്ത്രപഠനവും വക്രീകരിക്കപ്പെടുന്ന വർത്തമാനകാലത്ത് പ്രവാസലോകത്തെ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുകയും നാം ജീവിക്കുന്ന പൊതുമണ്ഡലത്തിൽ യുവമനസ്സുകളിൽ ശാസ്ത്രീയ മനോഭാവം വളർത്താനും ശാസ്ത്രം, സാങ്കേതിക വിദ്യ, പരിസ്ഥിതി എന്നിവ തമ്മിലുള്ള പരസ്പരാശ്രിതത്വം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മസ്കത്ത് സയൻസ് ഫെസ്റ്റ് എന്ന ആശയം മുന്നോട്ടുവെച്ചത് രജിലാൽ ആയിരുന്നു. നിരവധിയായ ആകർഷകമായ പരിപാടികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും മസ്കത്ത് സയൻസ് ഫെസ്റ്റിന് സാധിച്ചു.
ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് മെഡി ടോക്, ഒമാനിലെ അന്താരാഷ്ട്ര സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്കായി മെഡി ക്വിസ്, ഐ.സി.എഫിന്റെ ഭാഗമായുള്ള ശാസ്ത്രപ്രദർശനവും ശാസ്ത്ര പ്രോജക്ട് മത്സരങ്ങളും തുടങ്ങിയവ അവയിൽ ചിലതു മാത്രം. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാനു കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട നിരവധി ഭാഷാ വിഭാഗങ്ങളിൽ പുരോഗമന കാഴ്ചപ്പാട് മുൻനിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള വിഭാഗം.
കേരള വിഭാഗത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ, സംഘടനക്ക് നേതൃത്വം കൊടുത്ത പൂർവസൂരികളിൽ നിന്നെല്ലാം വ്യത്യസ്തമായി സംഘടനയെ കാതങ്ങൾ മുന്നോട്ടുനയിച്ച അസാമാന്യ പ്രതിഭാശാലിയായിരുന്നു രജിലാൽ. കേരള വിഭാഗത്തിന്റെ ചരിത്രത്തിൽ തിളങ്ങുന്ന രക്തതാരകമായി എന്നും രജിലാൽ പുഞ്ചിരിച്ചുകൊണ്ടേയിരിക്കും. എത്രയും പ്രിയങ്കരനായിരുന്ന സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഖാവിന്റെ ഓർമകൾക്കു മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.