മസ്കത്ത്: ഇന്ത്യൻ തലസ്ഥാനമായി ന്യൂഡൽഹിയിൽ നടന്ന ‘ഇന്ത്യ ട്രാവൽ അവാർഡ് 2023’ൽ പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം. ‘ഫാസ്റ്റസ്റ്റ് ഗ്രോയിങ് ടൂറിസം ബോർഡ് ട്രോഫിയാണ് ഒമാൻ നേടിയത്. ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിലെ ടൂറിസം പ്രമോഷൻ ഡയറക്ടറേറ്റ് ജനറലിലെ ടൂറിസം പ്രമോഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അസ്മ ബിൻത് സലേം അൽ ഹജാരി അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഒമാന്റെ റോഡ് ഷോകളിലെ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘത്തിലെ അംഗമാണിവർ.
ബഹുമതിയിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അൽ ഹജായി പറഞ്ഞു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പൈതൃക, ടൂറിസം മന്ത്രാലയം നടത്തുന്ന പ്രമോഷനൽ പ്രവർത്തനങ്ങളെ ഈ പുരസ്കാരം പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ആഗോള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെ പരിഗണിച്ചാണ് ഇന്ത്യ ട്രാവൽ അവാർഡുകൾ നൽകുന്നത്. ടൂറിസം മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള അവാർഡ് ഇന്ത്യയിലെ ടൂറിസം മേഖലയിലെ പ്രമുഖ കമ്പനികളുടെ ഇലക്ട്രോണിക് വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയാണ് നൽകുന്നത്.
ഈ വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിൽ സുൽത്താനേറ്റിലേക്ക് വന്ന വിനോദസഞ്ചാരികളുടെ എണ്ണം 1,548,630 ആണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 95.1 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 3,55,459 ഇന്ത്യൻ യാത്രക്കാരാണ് ഒമാൻ സന്ദർശിച്ചത്. 2021ൽ ഇത് 106,042 യാത്രക്കാരായിരുന്നു. രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികളിൽ 12.2 ശതമാനവും ഇന്ത്യക്കാരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, സുൽത്താനേറ്റിന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന പ്രമോഷനൽ കാമ്പയിൻ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പുർ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പരിപാടി. ഈ മാസം അവസാനംവരെ തുടരും. ഒമാനും ഇന്ത്യയും തമ്മിലുള്ള നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, സമ്പന്നമായ ഒമാനി ചരിത്ര പൈതൃകം, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുപുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ടൂറിസം മേഖലയിലെ പങ്കാളികൾക്ക് ഹോട്ടലുകൾ, ടൂർ ഓപറേറ്റർമാർ, എയർലൈനുകൾ, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവയുൾപ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും കാമ്പയിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.