സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന വാക്സിനേഷൻ ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാനിൽ കോവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് ഒമാനിൽ വാക്സിനേഷൻ തുടങ്ങിയത്. ജൂൺ 15 വരെ കാലയളവിൽ 5,35,578 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മുൻഗണനാ പട്ടികയിലുള്ളവരുടെ 15 ശതമാനമാണിത്.
ഇതിൽ 66 ശതമാനം അഥവാ 3.50 ലക്ഷം പേർക്കും ആദ്യ ഡോസ് മാത്രമാണ് നൽകിയിട്ടുള്ളത്. 1.84 ലക്ഷം പേർക്ക് രണ്ട് ഡോസുകളും നൽകിയിട്ടുണ്ട്. ആദ്യ ഡോസ് സ്വീകരിച്ച് പത്ത് ആഴ്ചയും അതിൽ കൂടുതലും പിന്നിട്ടവർക്കാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ആദ്യ ഡോസ് ലഭ്യമാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. വിവിധ ഘട്ടങ്ങളിലായി ജനസംഖ്യയുടെ 70 ശതമാനം പേർക്ക് വാക്സിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിെൻറ ലക്ഷ്യം.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ്, വിവിധ ഗവർണറേറ്റുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയയിടങ്ങളിലാണ് ഇപ്പോൾ വാക്സിനേഷൻ നടക്കുന്നത്. ജൂൺ 20 മുതൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിലും വാക്സിൻ നൽകി തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
വലിയ അളവിലുള്ള സ്വദേശികളെയും വിദേശികളെയും ഉൾക്കൊള്ളാൻ സാധിക്കുമെന്നതിനാൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററായിരിക്കും രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രം. വാക്സിനേഷൻ മുൻഗണനാപട്ടികയും രജിസ്ട്രേഷനും സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങൾ കൃത്യമായി പിന്തുടരണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.