ഐ.സി.ടി മേഖലയിലെ സംയുക്ത സംരംഭങ്ങൾക്കായി ഒമാനിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള ബിസിനസ്സ്ഥാപനങ്ങൾ കരാറുകളിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: രാജ്യത്തെ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജി (ഐ.സി.ടി) മേഖലയിലെ സംയുക്ത സംരംഭങ്ങൾക്കായി ഒമാനിൽനിന്നും സൗദി അറേബ്യയിൽനിന്നുമുള്ള ബിസിനസ്സ്ഥാപനങ്ങൾ നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അമർ അൽ സ്വാഹയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘത്തിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് കരാറുകളിൽ ഒപ്പുവെച്ചത്. ഐ.ടി.എച്ച്.സി.എ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് കാമിൽ ഫഹദ് അൽ സഈദ് ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
ഉൽപന്ന സ്റ്റാൻഡേർഡൈസേഷനടക്കമുള്ളവ നടപ്പാക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി ഐ.ടി.എച്ച്.സി.എ ഗ്രൂപ്പും സൗദി അറേബ്യയുടെ തിഖഹ് കമ്പനിയുമാണ് ആദ്യ കരാർ ഒപ്പിട്ടത്. ഐ.ടി.എച്ച്.സി.എ ഗ്രൂപ് സി.ഇ.ഒ സഈദ് അബ്ദുല്ല അൽ മന്ധാരിയും തിഖയുടെ സി.ഇ.ഒ അയ്മൻ അബ്ദുല്ല അൽ ഫലാജുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഇ-സേവനം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ സംയുക്ത പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള സഹകരണത്തിനായി റിഹാൽ കമ്പനിയുമായി തിഖഹ് മേധാവി പ്രത്യേകം ധാരണപത്രം ഒപ്പുവെച്ചു. ഒമാനി സ്ഥാപനത്തിനുവേണ്ടി റിഹാൽ കമ്പനി സി.ഇ.ഒ അസ്സാൻ ഖായിസ് അൽ കിന്ദിയാണ് ധാരണപത്രത്തിൽ ഒപ്പിട്ടത്. ക്ലൗഡ് ടെക്നോളജി സൊല്യൂഷൻസ് മേഖലയിൽ ഇരു കക്ഷികളും തമ്മിലുള്ള പരസ്പര വിപണനത്തിനായി ഒമാനിലെ ഒസോസും സൗദി അറേബ്യയുടെ ക്ലൗഡ് സൊല്യൂഷനും ധാരണയിലെത്തി. ഒസോസ് ഡയറക്ടർ ബോർഡ് അംഗം സാഹിർ അൽ ബുസൈദിയും ക്ലൗഡ് സൊല്യൂഷൻസ് സി.ഇ.ഒ അബ്ദുല്ല അൽ മെയ്മാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഡെലിവറി സേവന മേഖലയിലെ സഹകരണത്തിനുള്ള മാർഗങ്ങൾ പഠിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ഒമാനിലെ ടി.എം ഡോണും സൗദി അറേബ്യയിലെ ജാഹസും ധാരണയിലെത്തി. ധാരണപത്രത്തിൽ ജഹെസിന്റെ സി.ഇ.ഒ ഗസാബ് സൽമാൻ അൽ മന്ദീലും ടി.എംഡോണിന്റെ സി.ഇ.ഒ യാസിർ സഈദ് അൽ ബറാമിയും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.