ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്കായി ഐ.സി.സി.യു

മസ്കത്ത്: ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗികള്‍ക്കായി അതിനൂതന ഇന്റന്‍സീവ് കൊറോണറി കെയര്‍, കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് ഒബസര്‍വേഷന്‍ യൂണിറ്റ് (ഐ.സി.സി.യു) ഉദ്ഘാടനം ചെയ്തു. ഹൃദയാഘാതം, ഹൃദയസ്തംഭനം അടക്കമുള്ള ഗുരുതര ഹൃദ്രോഗങ്ങള്‍ അനുഭവിക്കുന്ന രോഗികളെ ചികിത്സിക്കാനാണിത്. മെഡിക്കല്‍ സിറ്റി ഫോര്‍ മിലിറ്ററി ആന്‍ഡ് സെക്യൂരിറ്റി സര്‍വിസസ് (സപ്ലൈസ് ആന്‍ഡ് സപ്പോര്‍ട്ട്) അസി. ചെയര്‍മാനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ (ജനറല്‍ മെഡിസിന്‍ ആന്‍ഡ് കാര്‍ഡിയോളജി)അമീദ് (ഡോ.) അബ്ദുല്‍ മലിക് ബിന്‍ സുലൈമാന്‍ ബിന്‍ ഖലഫ് അല്‍ ഖറൂസി ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹാര്‍ട്ട് സെന്റര്‍ ഡയറക്ടറും റോയല്‍ ഹോസ്പിറ്റലിലെ അഡ്വാന്‍സ്ഡ് ഹാര്‍ട്ട് ഫെയിലര്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ ഡോ. നജീബ് അല്‍ റവാഹി, മാനേജിങ് ഡയറക്ടര്‍ ഡോ. പി എ മുഹമ്മദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫിറാസത് ഹസന്‍, ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിന്റെ സീനിയര്‍ മാനേജ്‌മെന്റ് അംഗങ്ങള്‍, പൊതു- സ്വകാര്യ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹൃദയാഘാതം, ഹൃദയസ്തംഭനം അടക്കമുള്ള ഗുരുതര ഹൃദ്രോഗങ്ങള്‍ അനുഭവിക്കുന്ന രോഗികളെ ചികിത്സിക്കാന്‍ പര്യാപ്തമാണ് ഐ.സി.സി.യു. ഏഴ് ബെഡുകളുണ്ട്. ദേശീയ നിലവാരത്തിലുള്ള ഉപകരണങ്ങളും ഒമാനില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ബെന്നി പനക്കലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും വിദഗ്ധ സംഘവുമുണ്ട്.

ഒമാനില്‍ അതിനൂതന മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ബദര്‍ അല്‍ സമാ ഗ്രൂപ്പിന്റെ കാഴ്ചപ്പാട്, സ്വാഗത പ്രസംഗത്തില്‍ ഫിറാസത് ഹസന്‍ ഊന്നിപ്പറഞ്ഞു. ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ രോഗികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്നത് വളരെയധികം കുറക്കാന്‍ സാധിക്കും. ഒമാനിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യപരിചരണ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ഈ ഐ.സി.സിയുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തത് മുതല്‍ സാങ്കേതികവിദ്യയും സേവനങ്ങളും പരിഷ്‌കരിക്കാന്‍ ഞങ്ങള്‍ തുടര്‍ച്ചയായി ശ്രദ്ധചെലുത്തുന്നുണ്ടെന്ന് ഡോ. പി എ മുഹമ്മദ് പറഞ്ഞു. ഇന്ന് ഐ.സി.സി.യു കൂടി തുറന്നതോടെ ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വകുപ്പ് കൂടുതല്‍ വ്യവസ്ഥാപിതമായെന്നും അദ്ദേഹം പറഞ്ഞു.

ബദര്‍ അല്‍ സമ റോയല്‍ ഹോസ്പിറ്റലില്‍ കൂടുതല്‍ നൂതന സൗകര്യങ്ങളും ക്ലിനിക്കല്‍ വിദഗ്ധരെയും ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി ബദര്‍ അല്‍ സമാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. അതിലൂടെ, തങ്ങള്‍ ലക്ഷ്യമിട്ട സവിശേഷ ചികിത്സാ ഫലം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹോസ്പിറ്റല്‍ നിലകൊള്ളുന്ന തന്ത്രപ്രധാന കേന്ദ്രം കാരണം, വലിയൊരു ജനവിഭാഗത്തിന് ജീവന്‍രക്ഷാ കേന്ദ്രമായി ഐ.സി.സി.യു നിലകൊള്ളുമെന്ന് ബദര്‍ അൽ സമാ ഗ്രൂപ്പ് ഡയറക്ടര്‍ മൊയ്തീന്‍ ബിലാല്‍ പറഞ്ഞു. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയറിനുള്ള ദേശീയ ശേഷിയെ ഈ ഐ.സി.സി.യു മെച്ചപ്പെടുത്തുമെന്ന് മുഖ്യാതിഥി അമീദ് (ഡോ.) അബ്ദുല്‍ മലിക് ബിന്‍ സുലൈമാന്‍ ബിന്‍ ഖലഫ് അല്‍ ഖറൂസി പറഞ്ഞു. നൂതന ഹൃദയ പരിചരണത്തിനുള്ള ഈ ചുവടുവെപ്പ് നടത്തിയതിന് ബദര്‍ അല്‍ സമാ റോയല്‍ ഹോസ്പിറ്റലിനെ അദ്ദേഹം അഭിനന്ദിച്ചു.

ബദര്‍ അല്‍ സമാ ഗ്രൂപ്പ് ഈ അധിക സേവനം ഉള്‍പ്പെടുത്തിയതില്‍ വിശിഷ്ടാതിഥി ഡോ. നജീബ് അല്‍ റവാഹി അഭിനന്ദിച്ചു. ഒമാന്റെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഹൃദ്രോഗ തീവ്ര പരിചരണത്തില്‍ രണ്ട് പതിറ്റാണ്ടിലേറെയായി ബദര്‍ അല്‍ സമാ എങ്ങനെയാണ് മുന്നില്‍ നടന്നതെന്ന് വ്യക്തമാക്കുന്ന അവതരണം ഡോ. ബെന്നി പനക്കല്‍ നടത്തി. ഗുരുതരാവസ്ഥയിലുള്ള ഹൃദ്രോഗികള്‍ക്കുള്ള ബെഡ് ശേഷിയില്‍ പ്രധാന സംഭാവന നല്‍കുന്ന ആശുപത്രിയായി ബദര്‍ അല്‍ സമാ തുടരുന്നതും അദ്ദേഹം വിശദീകരിച്ചു. പുതുതായി തുറന്ന ഐ.സി.സി.യു, ഹൃദയ പരിചരണ സേവനങ്ങള്‍ കാര്യക്ഷമമായി കൊണ്ടുപോകാന്‍ സജ്ജമായ സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍, കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റുമാര്‍, നിപുണരായ നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരടങ്ങിയ സുശക്തമായ ടീം എന്നിവയെയും കുറിച്ച് അദ്ദേഹം അവതരണം നടത്തി. ബദര്‍ അല്‍ സമാ ഗ്രൂപ്പ് സി.ഇ.ഒ പി.ടി. സമീര്‍  നന്ദി പറഞ്ഞു.

Tags:    
News Summary - ICCU for heart patients at Badr Al Sama Royal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.