ഒമാനി കുന്തിരിക്കം കയറ്റുമതിയിൽ വൻ വർധന

മസ്‌കത്ത്: ഒമാന്റെ തനതായ സാംസ്‌കാരിക പൈതൃക ഉൽപന്നമായ കുന്തിരിക്കത്തിന്റെ കയറ്റുമതിയിൽ ഗണ്യമായ മുന്നേറ്റം. 2025-ൽ ഒമാന്റെ കുന്തിരിക്കം കയറ്റുമതി 4,71,400 ഒമാനി റിയാലിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

ഒമാനി കുന്തിരിക്കം ഏറ്റവും കൂടുതൽ വാങ്ങുന്നത് സൗദി അറേബ്യയാണ്; 1,50,900 റിയാലാണ് സൗദിയിലേക്കുള്ള കുന്തിരിക്ക കയറ്റുമതി മൂല്യം. പിന്നാലെ സോമാലിയ (99,200 റിയാൽ), യു.എ.ഇ (78,600 റിയാൽ) എന്നീ രാജ്യങ്ങളും പട്ടികയിൽ ഇടംപിടിച്ചു.

ഒമാനി കുന്തിരിക്കത്തിന് അടുത്തിടെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ഭൗമസൂചിക പദവി ഔദ്യോഗികമായി ലഭിച്ചിരുന്നു. ഗൾഫ് മേഖലയിൽ ഈ പദവി ലഭിക്കുന്ന ആദ്യ കുന്തിരിക്ക ഉൽപന്നമാണിത്. ലിസ്ബൺ കരാറിൽ ഉൾപ്പെട്ട 50-ലധികം രാജ്യങ്ങളിൽ ഇനി ഒമാനി കുന്തിരിക്കത്തിന് പ്രത്യേക നിയമ പരിരക്ഷ ലഭിക്കും. സൗന്ദര്യവർധക വസ്തുക്കൾ, ഔഷധങ്ങൾ, പെർഫ്യൂമുകൾ എന്നിവയുടെ നിർമ്മാണത്തിനായി ലോകമെമ്പാടും ഒമാനി കുന്തിരിക്കത്തിന് ആവശ്യക്കാർ വർധിച്ചുവരികയാണ്. കുന്തിരിക്കത്തിന്റെ നാട് എന്ന നിലയിൽ ഒമാന്റെ ടൂറിസം മേഖലക്കും ഈ മുന്നേറ്റം കരുത്തേകും. വരും വർഷങ്ങളിൽ 92,000-ലധികം പുതിയ കുന്തിരിക്ക മരങ്ങൾ വെച്ചുപിടിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി എണ്ണയിതര വരുമാനം വർധിപ്പിക്കുന്നതിൽ കുന്തിരിക്കം കയറ്റുമതി വലിയ പങ്കുവഹിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

ദോഫാറിലാണ് പ്രധാനമായും കുന്തിരിക്കം വിളവെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരമുള്ളതായി ഒമാനി കുന്തിരിക്കം കണക്കാക്കപ്പെടുന്നു. തെക്കൻ ഒമാനിലെ ദോഫാർ മേഖലയിൽ കാണപ്പെടുന്ന ബോസ്വെല്ലിയ സാക്ര എന്ന മരങ്ങളിൽ നിന്നാണ് ഇത് ശേഖരിക്കുന്നത്. ഗുണനിലവാരവും ഉത്ഭവസ്ഥലവും അനുസരിച്ച് ഒമാനി കുന്തിരിക്കത്തെ പ്രധാനമായും ഹൊജാരി, നജ്ദി, ഷസ്റി, ഷാബി എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച കുന്തിരിക്കമായി അറിയപ്പെടുന്നവയാണ് ഹൊജാരി. മനോഹരമായ പച്ചകലർന്ന വെളുത്ത നിറവും സിട്രസ് ഗന്ധവും ഇതിന്റെ പ്രത്യേകതയാണ്. ഒമാനി വീടുകളിൽ അതിഥികളെ സ്വീകരിക്കുന്നതിന്റെയും ശുചിത്വത്തിന്റെയും അടയാളമായി ഇപ്പോഴും കുന്തിരിക്കം പുകക്കാറുണ്ട്.

പുരാതന കാലം മുതൽ ഈജിപ്ത്, ചൈന, റോം തുടങ്ങിയ രാജ്യങ്ങളുമായി ഒമാൻ കുന്തിരിക്ക വ്യാപാരം നടത്തിയിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ദോഫാറിലെ കുന്തിരിക്കം വിളയുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Huge surge in Omani frankincense exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.