മസ്കത്ത്: ജനവാസമേഖലകളിലെ ബാച്ച്ലർ വിദേശ തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സുഹാർ നഗരസഭ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറപ്പെടുവിച്ചു. ജനവാസമേഖലകളിലെ വീടുകളുടെയും വില്ലകളുടെയും വാടക കരാർ കുടുംബമായി താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ഇതിൽ പറയുന്നു. വിദേശ തൊഴിലാളികൾക്കും ഒറ്റക്ക് താമസിക്കുന്ന ജീവനക്കാർക്കുമായി വീടുകളുടെയും വില്ലകളുടെയും വാടക കരാർ രജിസ്റ്റർ ചെയ്തു നൽകുന്നത് നിരോധിച്ചിട്ടുണ്ട്. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കും. റെസിഡൻഷ്യൽ വില്ല/ അപ്പാർട്ട്മെൻറിൽ താമസവും സാമ്പത്തിക/വാണിജ്യ പ്രവർത്തനങ്ങളും ഒരുമിച്ച് നടത്താൻ പാടില്ല. താമസ/വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടത്തിൽ അവിദഗ്ധ/ പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾക്ക് വാടകകരാർ രജിസ്റ്റർ ചെയ്ത് നൽകുന്നതും നിരോധിക്കപ്പെട്ടതാണെന്ന് ഉത്തരവിൽ അറിയിച്ചു.
റൂഫ് ഫ്ലോർ ഇല്ലാത്ത രണ്ടിലധികം നിലകളുള്ള റെസിഡൻഷ്യൽ/ വാണിജ്യ ഉപയോഗത്തിനായുള്ള കെട്ടിടങ്ങളിലെ അപ്പാർട്ട്മെൻറുകളിൽ ഉയർന്ന തസ്തികകളിലുള്ള ബാച്ച്ലർ താമസക്കാർക്ക് വാടകക്ക് നൽകാം. മാനേജർ, ഡോക്ടർ, എഞ്ചിനീയർ സമാന നിലവാരത്തിലുള്ള ജോലികൾ ഉള്ളവർ ഒരു മുറിയിൽ ഒരാൾ മാത്രമാണ് താമസിക്കാൻ പാടുള്ളൂ. വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റർമാർ, ടെക്നീഷ്യൻമാർ,പ്രൊഫഷനലുകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണെങ്കിൽ ഒരു മുറിയിൽ രണ്ട് പേർക്ക് താമസിക്കാം. തൊഴിലാളി ജോലി ചെയ്യുന്ന കമ്പനിയുടെ പേരിലായിരിക്കണം വാടകരാർ. ഇൗ അപ്പാർട്ട്മെൻറുകളിൽ സമീപത്തെ വീടുകളുടെയും വില്ലകളുടെയും ഭാഗത്തേക്ക് തുറക്കുന്ന ജനാലകൾ ഉണ്ടെങ്കിൽ കെട്ടിടയുടമ അത് സ്ക്രീൻ ഉപയോഗിച്ച് മറച്ച ശേഷമാകണം താമസാനുമതി നൽകേണ്ടത്. ജീവനക്കാരെ കൊണ്ടുപോകുന്നതിനുള്ള ബസുകൾ ഇൗ വാടക കെട്ടിടത്തിന് മുന്നിൽ കൊണ്ടുവന്ന് നിർത്താതിരിക്കാൻ കമ്പനികൾ ശ്രദ്ധിക്കണം. ജീവനക്കാർ മാന്യമല്ലാത്ത വസ്ത്രങ്ങൾ ധരിച്ച് താമസ സ്ഥലത്തിന് പുറത്തിറങ്ങരുത്. കെട്ടിടത്തിെൻറ പരിപാലനത്തിനും താമസക്കാരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുമായി സ്ഥിരം ജീവനക്കാരനെ നിയമിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.