മസ്കത്ത്: താരതമ്യേന ചൂടുള്ള ഉഷ്ണമേഖല, ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്ന് വരുന്ന തെക്കുകിഴക്കൻ കാറ്റ് കാരണം മിക്ക വിലായത്തുകളിലും ചൊവ്വാഴ്ച മുതൽ താപനിലയിൽ പ്രകടമായ വർധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാദേശികപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞത്. പകൽസമയങ്ങളിൽ പലയിടത്തും താപനില 30 ഡിഗ്രി സെൽഷ്യസ്വരെ എത്തിയേക്കും. ഫെബ്രുവരി 9, 10 തീയതികളിൽ വടക്കുപടിഞ്ഞാറൻ കാറ്റുമൂലം സുൽത്താനേറ്റിൽ ന്യൂനമർദം ബാധിക്കുമെന്നും ഇത് വീണ്ടും താപനില കുറക്കും. ഇതിന് ശേഷം സാധാരണ താപനില അനുഭവപ്പെടുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് തെക്കൻ-വടക്കൻ ശർഖിയകളിലെ അൽ കാമിൽ, അൽ വാഫി, ബിദിയ എന്നിവിടങ്ങളിലായിരുന്നു. 31.5 ഡിഗ്രി സെൽഷ്യസ് ദിമയിലും അൽ തയ്നിലും 31.4 ഡിഗ്രി സെൽഷ്യസും മുദൈബിയിൽ 32.1 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത് ദാഖിലിയ ഗവർണറേറ്റിലെ അൽ-ഹംറ വിലായത്തിലെ ജബൽ ഷംസിലാണ് 10 ഡിഗ്രി സെൽഷ്യസ്. സീഖിൽ 10.3 ഡിഗ്രി സെൽഷ്യസും മർമുളിലും യാങ്കുളിലും 12.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ഡിസംബർ 22 മുതൽ മാർച്ച് 21വരെയുള്ള കലയളവിലാണ് രാജ്യത്തെ ശൈത്യകാല സീസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.