ദാഹിറയിൽ ഹരിതവൽകരണ പദ്ധതികൾ വിപുലീകരിക്കുന്നു; ഇബ്രിയുടെ ഹൃദയഭാഗത്ത് വൻ വിസ്തൃതിയിൽ പബ്ലിക് പാർക്ക് ഒരുങ്ങുന്നു
മസ്കത്ത്: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നഗരജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുമായി ഹരിതവൽകരണ പദ്ധതികൾ വിപുലീകരിച്ച് ഒമാനിലെ ദാഹിറ ഗവർണറേറ്റ്. ഇതിന്റെ ഭാഗമായി പൊതു പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, നടപ്പാതകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സുസ്ഥിര നഗരങ്ങളും സന്തുലിതമായ നഗര സാഹചര്യങ്ങളും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
ദാഹിറ ഗവർണറേറ്റിൽ നിലവിൽ 1.73 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായി 21 പാർക്കുകളും വിനോദകേന്ദ്രങ്ങളും കുട്ടികളുടെ പാർക്കും ഉണ്ടെന്ന് ദാഹിറ ബലദിയ ഡയറക്ടർ ജനറൽ എഞ്ചിനീയർ നസീർ ബിൻ അലി അൽ സിയാബി വ്യക്തമാക്കി. കൂടാതെ 9.8 കിലോമീറ്റർ നീളമുള്ള ആരോഗ്യ നടപ്പാതകളുടെ ശൃംഖലയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ സൗകര്യങ്ങളുള്ളത് ഇബ്രിയിലാണ്. 85,901 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള 5 പൊതു പാർക്കുകൾ, 6,100 മീറ്റർ നീളമുള്ള നാലു നടപ്പാതകൾ, നാലു കുട്ടികളുടെ പാർക്കുകൾ എന്നിവയുൾപ്പെടെ 14 വിനോദകേന്ദ്രങ്ങൾ ഇവിടെയുണ്ട്.
യാൻഖൂൽ വിലായത്തിൽ ഗവർണറേറ്റിലെ ഏറ്റവും വലിയ പാർക്കായ യൻഖൽ പബ്ലിക് പാർക്ക് സ്ഥിതി ചെയ്യുന്നു. 52,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള ഈ പാർക്കിന് പുറമെ 2,500 മീറ്റർ നീളമുള്ള രണ്ട് ആരോഗ്യ നടപ്പാതകളും ഇവിടെയുണ്ട്. ദങ്ക് വിലായത്തിൽ 20,988 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ദങ്ക് പബ്ലിക് പാർക്ക്, 1,200 മീറ്റർ നടപ്പാത, കുട്ടികളുടെ കളിസ്ഥലം എന്നിവക്ക് പുറമെ പ്രകൃതിരമണീയമായ ‘ഖറാഹ് സിത്താ അല നാച്ചുറൽ പാർക്കും’ സ്ഥിതി ചെയ്യുന്നു.
ദാഹിറ ഗവർണറേറ്റിലെ പുതിയ പദ്ധതികൾക്കായുള്ള നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണെന്ന് അൽ സിയാബി അറിയിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇബ്രി നഗരത്തിന്റെ ഹൃദയഭാഗത്ത് 2,05,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുങ്ങുന്ന ഇബ്രി പബ്ലിക് പാർക്കാണ്. ഗവർണറേറ്റിലെ ഏറ്റവും വലിയ പാർക്കായി മാറുന്ന ഇതിൽ വൻതോതിലുള്ള ഹരിതമേഖലകൾ, ഓട്ടത്തിനും നടത്തിനുമുള്ള പ്രത്യേക ട്രാക്കുകൾ, കുട്ടികളുടെ വിനോദ മേഖലകൾ, കമ്മ്യൂണിറ്റി പരിപാടികൾക്കുള്ള വേദികൾ, വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. കൂടാതെ സ്വകാര്യ മേഖലക്കുള്ള നിക്ഷേപ സാധ്യതകളും ഇവിടെ ഒരുക്കുന്നുണ്ട്.
ദങ്ക് വിലായത്തിലെ മലയോര പ്രകൃതിഭംഗി പ്രയോജനപ്പെടുത്തിക്കൊണ്ട് നടപ്പാക്കുന്ന ‘ഇത്‌ലാ ലത് ദങ്ക്’, യാൻഖൂലിലെ മനോഹരമായ ലൊക്കേഷൻ കേന്ദ്രീകരിച്ച് കുടുംബങ്ങൾക്കായി ഒരുക്കുന്ന ‘ഇത്‌ലാ ലത് യൻഖൽ’ എന്നീ ടൂറിസം-വിനോദ പദ്ധതികളും ദാഹിറയുടെ വിനോദസഞ്ചാര മേഖലക്ക് കരുത്താകും.
ഈ പദ്ധതികൾ വെറുമൊരു ഭംഗിക്കപ്പുറം, ജനങ്ങളുടെ ശാരീരികക്ഷമത വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നേരിട്ടുള്ള നിക്ഷേപമാണെന്ന് അൽ സിയാബി കൂട്ടിച്ചേർത്തു. നഗരാസൂത്രണത്തിൽ ഹരിതമേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട് ജനങ്ങളുടെ ആരോഗ്യത്തിനാണ് ഒമാൻ ഭരണകൂടം പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.