മസ്കത്ത്: മസ്കത്തിലെ ഗായകരുടെയും സംഗീതാസ്വാദകരുടെയും കൂട്ടായ്മയായ ഗ്രാമഫോണ്‍ മസ്കത്ത് സംഗീതനിശ സംഘടിപ്പിച്ചു. മലയാള സിനിമയിലെ പഴയകാല ഗാനങ്ങളും പുതിയ തലമുറ ഗാനങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് റൂവി അല്‍മാസാ ഹാളില്‍ പാട്ടുപെട്ടി എന്ന പേരില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ പിന്നണി ഗായകനായ ശ്രീകാന്തിനൊപ്പം മസ്കത്തിലെ ഗായകരും ഗാനങ്ങള്‍ ആലപിച്ചു. എഴുപതുകളില്‍ മലയാള സിനിമാ സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ ശ്രീകാന്ത് പാടിയ പ്രശസ്ത ഗാനങ്ങള്‍ അദ്ദേഹം തന്നെ വീണ്ടും ആലപിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ശ്രോതാക്കള്‍ സ്വീകരിച്ചത്.
ഗ്രാമഫോണ്‍ മസ്കത്ത് സംഗീത കൂട്ടായ്മയുടെ ഒൗദ്യോഗിക ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. ഭാവലയ ചെയര്‍മാന്‍ ഡോ. ജെ. രത്നകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് റാഫേല്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ പി.എം. ജാബിര്‍, എന്‍.എഫ്.യു പ്രസിഡന്‍റ് ശിവശങ്കര പിള്ള, നാടക സംവിധായകന്‍ വിനോദ് നായര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഗായകന്‍ ശ്രീകാന്തിനെ ചടങ്ങില്‍ ആദരിച്ചു. എഴുപതുകളില്‍ മലയാള സിനിമാ സംഗീത ലോകത്തിന് വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കുകയും പ്രിയതാരങ്ങള്‍ക്ക് നാദമാധുരി പകര്‍ന്നുനല്‍കുകയും ചെയ്ത അനുഗൃഹീത ഗായകനായിരുന്നു ശ്രീകാന്ത്.
അറുപതോളം സിനിമകളില്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ച അദ്ദേഹത്തിന് പിന്നീട് വേണ്ടത്ര പരിഗണന ലഭിക്കാതെപോയത് ദുഃഖകരമാണെന്നും എന്നാല്‍ ഇപ്പോള്‍ പ്രവാസി സമൂഹം അദ്ദേഹത്തെ ആദരിക്കാനും അദ്ദേഹം പാടിയ പാട്ടുകള്‍ വീണ്ടും കേള്‍ക്കാനും അവസരം ഒരുക്കിയതില്‍ ഗ്രാമഫോണ്‍ മസ്കത്ത് സംഗീത കൂട്ടായ്മയെ പ്രശംസിക്കുന്നതായും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. സെക്രട്ടറി ഡോ. റെജികുമാര്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് നാസര്‍ ശ്രീകണ്ഠാപുരം സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റര്‍ സണ്ണി തോമസ് നന്ദിയും പറഞ്ഞു. ബിജു പരുമല, ശ്രുതി പ്രസന്നന്‍ എന്നിവര്‍ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.