സലാലയിലെ ഖരീഫ് കാല കാഴ്ച -ഫയൽ ചിത്രം
മസ്കത്ത്: ഖരീഫ് സീസൺ ഒരുമാസം പിന്നിടുന്നതോടെ ദോഫാറിൽ അനുഭവപ്പെടുന്ന ചാറ്റൽ മഴയും മികച്ച കാലാവസ്ഥയും കർഷകർക്ക് പ്രതീക്ഷ നൽകുന്നു. ഒരു േഡാസ് കോവിഡ് വാക്സിൻ എടുത്ത 18 വയസ്സിന് മുകളിലുള്ളവർക്ക് സലാല സന്ദർശിക്കാമെന്ന അധികൃതരുടെ തീരുമാനവും കാർഷിക-വ്യാപാരമേഖലയിൽ ചലനമുണ്ടാക്കുമെന്നും മലയാളികൾ അടക്കം കർഷകർ കരുതുന്നു.
എന്നാൽ, ഏതുസമയത്തും നിയന്ത്രണങ്ങൾ നിലവിൽ വരാനിടയുള്ളതിനാൽ വല്ലാതെ പ്രതീക്ഷ വെച്ചുപുലർത്താനാകില്ലെന്നും ലോക്ഡൗൺ കഴിഞ്ഞ ശേഷമേ കാര്യങ്ങൾ വിലയിരുത്താനാവുകയുള്ളൂവെന്നും കർഷകർ അഭിപ്രായപ്പെടുന്നു. ലോക്ഡൗൺമൂലം കഴിഞ്ഞ ഖരീഫ് സീസണിൽ ദോഫാറിലേക്ക് മറ്റ് ഗവർണറേറ്റുകളിൽനിന്നുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാൽ ഈ വർഷം കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. ഇൗ വർഷം വിളകൾക്ക് മോശമല്ലാത്ത വിളവെടുപ്പാണെന്നും കാറ്റും മറ്റ് കാലാവസ്ഥ ഘടകങ്ങളും ചതിച്ചില്ലെങ്കിൽ ഇൗ സീസൺ അനുകൂലമാവുമെന്നും കർഷകർ പറയുന്നു.
സാധാരണ അവധിദിവസങ്ങളിൽ പുറത്തുപോകുന്നവരാണ് ഒമാനിലെ സ്വദേശികളും വിദേശികളും. ബലിപെരുന്നാളിെൻറ നീണ്ട അവധിയിൽ നാല് ദിവസം പൂർണ ലോക്ഡൗൺ ആയതിനാൽ എല്ലാവരും യാത്രകൾ ഒഴിവാക്കി വീടുകളിൽതന്നെയാണ്. സുഖകരമായ കാലാവസ്ഥയായതിനാൽ ലോക്ഡൗണിന് ശേഷം സലാല സന്ദർശിക്കാൻ പലരും പദ്ധതിയിടുന്നുണ്ട്. ചാറ്റൽ മഴയും സുഖകരമായ കാലാവസ്ഥയുമാണ് പലരെയും സലാലയിലേക്ക് ആർഷിക്കുന്നത്. സലാല ഫെസ്റ്റിവൽ ഇല്ലെങ്കിലും ദോഫാറിലെ കാലാവസ്ഥ ഉത്സവസമാനമാണെന്ന് ഇവർ പറയുന്നു.
ഖരീഫ് സീസൺ മുറുകിയതിനാൽ സലാലയടക്കം സ്ഥലങ്ങളിൽ എല്ലാ പ്രദേശവും പച്ചയണിഞ്ഞുനിൽക്കുകയാണ്. തടാകങ്ങൾ രൂപപ്പെട്ടതിന് ഒപ്പം വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളും സജീവവുമാണ്. അനുകൂല കാലാവസ്ഥയും സന്ദർശകർക്ക് അനുമതി നൽകാനുള്ള തീരുമാനവും പ്രതീക്ഷ നൽകുന്നതായി സലാലയിൽ കർഷകനായ വടകര, പൈങ്ങോട്ടായി സ്വദേശി പങ്കജാക്ഷൻ പറയുന്നു. ഇൗ വർഷം കാർഷിക രംഗത്തും കാര്യമായ പ്രശ്നങ്ങളില്ല. അതിനാൽ സാധാരണയിൽ കവിഞ്ഞ രീതിയിൽ സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, രോഗവ്യാപനം വർധിക്കുകയാണെങ്കിൽ ഏത് സമയവും കാര്യങ്ങൾ മാറിമറിയാമെന്നും അദ്ദേഹം പറയുന്നു. അതിനാൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തുന്നില്ല. സന്ദർശകർ വർധിക്കുകയാണെങ്കിൽ അതനുകരിച്ച് മുന്നോട്ടുപോവുമെന്നും പങ്കജാക്ഷൻ പറഞ്ഞു. സാധാരണ ഖരീഫ് കാലത്ത് ഇന്ത്യയിൽനിന്നും ശ്രീലങ്കയിൽനിന്നും സലാലയിലേക്ക് ഇളനീരും പഴവർഗങ്ങളും ഇറക്കുമതി ചെയ്യാറുണ്ട്. ശ്രീലങ്കയിൽനിന്ന് കരിക്കാണ് കാര്യമായി ഇറക്കുമതി ചെയ്യുന്നത്. ചുവന്ന നിറത്തിലുള്ള കരിക്ക് ശ്രീലങ്കയുടേതാണ്. ഇന്ത്യയിൽനിന്ന് തേങ്ങയും കൈതച്ചക്കയുമാണ് കാര്യമായി ഇറക്കുമതി ചെയ്യുന്നത്.
ഇത് ഇറക്കുമതി ചെയ്യാൻ ഏജൻറുമാരുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽനിന്ന് രണ്ട് കണ്ടെയിനർ ഇളനീർ എത്തിയതായും പങ്കജാക്ഷൻ പറഞ്ഞു. സാഹചര്യം കണക്കിലെടുത്ത് പലരും ഇത് വാങ്ങിയിട്ടില്ല. കൂടുതൽ സന്ദർശകരെത്തുകയാണങ്കിൽ ഇത്തരം ഉൽപന്നങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യും. നല്ല വ്യാപാരം ലഭിക്കുകയുമാണെങ്കിൽ കഴിഞ്ഞ വർഷങ്ങളിലെ കാലാവസ്ഥാപ്രശ്നങ്ങൾ അടക്കം നഷ്ടം കുറയുമെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.