ആടുജീവീതം: ഒമാനിലെ ഷൂട്ടിങ്​ ഇല്ലാതാക്കിയത്​ നിക്ഷിപ്ത താൽപര്യക്കാർ -ബ്ലസി

മസ്​കത്ത്​: ആടുജീവീതം സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ തീരുമാനിച്ചതായിരുന്നെങ്കിലും അത്​ നടക്കാ​തെപോയത്​ മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം മൂലമാണെന്ന്​ സംവിധായകൻ ബ്ലസി. മസ്കത്തിലെ ഒമാൻ ഫിലിം​ സൊസെറ്റിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രദർശനത്തിന്​ അനുമതി ഇല്ലാതാക്കാനും ഇക്കൂട്ടർ ​ശ്രമിച്ചു. സിനിമക്ക്​ ആധാരമായ പുസ്​തകം നിരോധിച്ചതാണെന്ന്​ പറഞ്ഞായിരുന്നു പ്രചാരണം. നിലവിൽ സൗദിയിലും കുവൈത്തിലും ഒഴിച്ച്​ ജി.സി.സിയിൽ എല്ലായിടത്തും പ്രദർശനത്തിന്​ അനുമതി ലഭിച്ചിട്ടുണ്ട്​. ഇവിടെയും ഉടൻ സിനിമ റിലീസ്​ ചെയ്യും.സിനിമയെ ഓസ്കാറുമായി ചേർത്തുവെച്ച്​ പറയുന്നത്​ കേൾക്കുമ്പോൾ സന്തോഷം നൽകുന്നതാണ്​. എന്നാൽ, അതിലേക്കുള്ള പാതക്ക്​ സാമ്പത്തിക ചിലവ്​ ഏറെയുള്ളതാണെന്ന്​ ബ്ലസി പറഞ്ഞു. ചിത്രത്തിന് ഓസ്കാർ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഓസ്കാർ ലഭിക്കുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും ഓസ്കാർ ലഭിക്കുന്ന കാര്യം അതിനെ അതിന്‍റെ വഴിക്ക്​ വിടുന്നതാണ് നല്ലതെന്നും ത്വാലിബ് ബലൂഷി പറഞ്ഞു.

സിനിമയുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ഏറെ ആലോചിച്ചിരുന്നത് പ്രധാന ലോക്കേഷനായ മരുഭൂമിയെയും അർബാബിന്‍റ വേഷം ചെയ്യുന്ന ആളെയും കുറിച്ചായിരുന്നു. മരുഭൂമിയിൽ ഷൂട്ടിങ്ങ്​ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതിന്​ അപ്പുറത്താണ്​. ഇന്ന്​ കണ്ട മരൂഭൂമിയായിരിക്കില്ല നാളെ വരു​മ്പോഴുണ്ടാകുക. കാറ്റടിച്ച്​ അതിന്‍റെ കോലവും രൂപവുമെല്ലാം മാറിയിട്ടുണ്ടാകും.അർബാബിന്‍റ വേഷം ചെയ്ത ഒമാനി കലാകാരൻ ഡോ. ത്വാലിബ്​ അൽബലൂഷി മികച്ച അഭിനമയമാണ്​ കാഴ്ചവെച്ചിട്ടുള്ളത്​. മലയാളെ സിനിമയിലെ തിലകനെപോലെയാണ്​ അദ്ദേഹം. നോവലിലെ നജീബും സിനിമയിലെ നജീബും രണ്ടും വ്യത്യാസമുണ്ട്​. മൂലക്കഥ അടിസ്ഥാനമാക്കി ഞാൻരൂപപ്പെടുത്തിയാതാണ്​ സിനിമയിലെ നജീബ്​. അതുകൊണ്ട്​ മറ്റു വിവാദങ്ങളിലേക്ക്​ പോകാൻ താൽപര്യമിലെന്നും ബ്ലസി പറഞ്ഞു.

അർബാബിന്‍റെ വേഷം ചെയ്​ത ഒമാനി കലാകാരൻ ത്വലിബ്​ അൽബലൂഷി, ഹക്കീമായി അഭിനയിച്ച ​ഗോകുൽ, ഗായകൻ ജിതിൻരാജ്, ഒമാനി ഗായകൻ ജാഹദ് അൽ അറൈസി, ഒമാനി നടനും സംവിധായകനുമായ മുനീർ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Goat life: Shooting in Oman canceled by vested interests - Blasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.