ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിനും പ്രതിനിധി സംഘത്തിനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
മസ്കത്ത്: ദോഹയിൽ നടന്ന ജി.സി.സി രാജ്യങ്ങളുടെ 44ാമത് ഉച്ചകോടിയിൽ ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് പങ്കെടുത്തു. ഹമദ് ഇന്റർനാഷനൽ എയർപോർട്ടിൽ എത്തിയ സയ്യിദ് ഫഹദിനും പ്രതിനിധി സംഘത്തിനും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്.
ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ഖത്തറിലെ ഒമാൻ അംബാസഡർ സയ്യിദ് അമ്മാർ അബ്ദുല്ല അൽ ബുസൈദി, ഒമാനിലെ ഖത്തർ അംബാസഡർ ശൈഖ് ജാസിം അബ്ദുൽറഹ്മാൻ ആൽഥാനി, ഖത്തർ സ്റ്റേറ്റ് ഉദ്യോഗസ്ഥർ, ഖത്തറിലെ ഒമാൻ എംബസി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഉച്ചകോടിക്ക് സുൽത്താന്റെ ആശംസകൾ സയ്യിദ് ഫഹദ് കൈമാറി. നിലവിലെ ജി.സി.സി ഉച്ചകോടിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ മേഖലകളിലെ ഗൾഫ് കൗൺസിലിന്റെ നേട്ടങ്ങളെ ഒമാൻ അഭിനന്ദിക്കുകയാണ്. നേതാക്കളുടെ വിവേകപൂർണമായ നിർദ്ദേശങ്ങൾക്കും അംഗരാജ്യങ്ങളുടെ സഹകരണത്തിനും നന്ദി.
എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിച്ച് നിലപാടുകൾ ഏകോപിപ്പിക്കാനും ദർശനങ്ങൾ ഏകീകരിക്കാനും കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിൽ ഒമാൻ സുൽത്താനേറ്റ് പ്രതിനിധി സംഘത്തെ നയിച്ചതിന് സയ്യിദ് ഫഹദ് ബിൻ മഹമൂദ് അൽ സഈദ് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.