പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നുണ്ട്​ -എഫ്.എസ്‌.ക്യു.സി

മസ്കത്ത്​: രാജ്യത്തെ പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന്​ ഭക്ഷ്യസുരക്ഷ ഗുണനിലവാര കേന്ദ്രം (എഫ്.എസ്‌.ക്യു.സി) അറിയിച്ചു. കാർഷികോൽപന്നങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്​ദ സന്ദേശത്തിന്‍റെ പശ്ചാത്തലത്തിലാണ്​ അധികൃതർ ഇക്കാര്യം വ്യക്​തമാക്കിയത്​. ശബ്​ദ സന്ദേശത്തിലെ ഉള്ളടക്കം തെറ്റാണ്​. നിരോധിതവും തെറ്റായതുമായ കാർഷിക രീതികൾ നിരീക്ഷിക്കാനും ചെറുക്കാനും രാജ്യത്ത്​ സംവിധാനമുണ്ട്​. പരിശോധന സന്ദർശനങ്ങൾ, കാർഷിക വിപുലീകരണം, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ്​ ഇത്​ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്​.

ഉൽപന്നങ്ങളുടെ സുരക്ഷിതത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നിയമലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഫാമുകളിൽനിന്നോ വിവിധ വിൽപന കേന്ദ്രങ്ങളിൽനിന്നോ ഉള്ള ഉൽപന്നങ്ങളുടെ സാമ്പിളുകൾ ലബോറട്ടറിയിൽ ഇടക്കിടെ പരിശോധന നടത്താറുണ്ടെന്നും അധികൃതർ വ്യക്​തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒ​ഴിവാക്കണമെന്നും ഇത്തരം കാര്യങ്ങളിൽ ഏർ​പ്പെടുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എഫ്.എസ്‌.ക്യു.സി വ്യക്​തമാക്കി.

മാരക വിശദാംശങ്ങൾ ഉള്ളവയും പൊതുജനാരോഗ്യത്തിന്ന് ഹാനികരമായ കീടനാശിനികൾ ഒമാനിൽ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും കാർഷിക, മത്സ്യ, ജല വിഭവ മന്ത്രാലയം നേരത്തേ നിരോധനം പ്രഖ്യാപിച്ചിരുന്നു. ഒമാന്‍റെ പഴം, പച്ചക്കറികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമാണിത്. കീടനാശിനി നിയമം ശക്തമായി നടപ്പാക്കിയതോടെ ഒമാൻ പച്ചക്കറികളും പഴവർഗങ്ങളും മേഖലയിലെ ഏറ്റവും മികച്ച പച്ചക്കറിയായി ഉയർന്നിട്ടുണ്ട്. ഇതോടെ ഒമാൻ ഉൽപന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാർ വർധിച്ചു.

രണ്ടു വർഷം മുമ്പാണ് അധികൃതർ അമിത കീടനാശിനി ഉപയോഗത്തിനെതിരെയും ശരീരത്തിന് ഹാനികരമായ കീടനാശിനി ഉപയോഗത്തിനെതിരെയും നടപടികൾ ആരംഭിച്ചത്. ഈ വർഷം മുതലാണ് നടപടികൾ ശക്തമാക്കുകയും ചെയ്തത്. 

Tags:    
News Summary - F.S.Q.C- oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.