ഫുഡും ഫുട്ബാളും പിന്നെ, ആ അദ്ഭുത ഗോളും

മസ്കത്ത്: സോക്കർ കാർണിവൽ സീസൺ- 3 ഉദ്ഘാടന വേദിയിൽ ഫുഡും ഫുട്ബാളുമായിരുന്നു വിശിഷ്ടാതിഥികളായ നടൻ ലുക്മാൻ അവറാൻ, മുൻ ദേശീയ ഫുട്ബാൾ താരം സുശാന്ത് മാത്യു, നടി ഡയാന ഹമീദ്, കമന്റേറ്റർ റാഷിദ് കോട്ടക്കൽ എന്നിവരുടെ സരസ സംഭാഷണ വിഷയം. ഫുഡിൽ ഫിഷ് ആണ് തന്റെ ഫേവറിറ്റ് എന്ന് പറഞ്ഞ് സുശാന്ത് സംസാരത്തിന് തുടക്കമിട്ടു. മസ്കത്തിൽ വന്നപ്പോൾ ഇവിടത്തെ ബിരിയാണി, മട്ടൻ എന്നിവ ഇഷ്ടപ്പെട്ടു. നാട്ടിലാണെങ്കിൽ കഞ്ഞിയും തൈരും കപ്പയും തുടങ്ങിയ നാടൻ വിഭവങ്ങൾ ഒക്കെ കഴിക്കുന്നത് ഭയങ്കര ഇഷ്ടമാണ്. തനിക്ക് മട്ടൻ വിട്ടൊരു കളിയില്ലെന്നായിരുന്നു ലുക്മാൻ അവറാന്റെ പ്രതികരണം. ഉടനെ ഡയാനയിൽ നിന്ന് ചോദ്യം വന്നു; അപ്പോൾ ബീഫോ?

ബീഫിന്റെ കാര്യം മലയാളികളോട് എക്സ്ട്രാ പറയേണ്ട കാര്യമില്ലെന്ന് സുശാന്തിന്റെ സരസമായ ഇടപെടൽ. കൂടെ, പൊറോട്ടയും ബീഫും കഴിക്കാത്തവരാരും മലയാളികളല്ല എന്നൊരു കമന്റും. ബീഫ് നമ്മുടെ സാധാരണ ഭക്ഷണമാണെന്ന് ലുക്മാനും കൂട്ടിച്ചേർത്തപ്പോൾ സദസ്സിൽനിന്ന് കൈയടി. ഭക്ഷണപ്രിയർ ഏറെ സദസ്സിലുണ്ടല്ലോ എന്ന് ലുക്മാന്റെ കമന്റ്.

എന്നാൽ, ഇനി ഫുട്ബാളിനെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ്, ഡയാന ഓർമിപ്പിച്ചത് സുശാന്ത് മാത്യുവിന്റെ അദ്ഭുത ഗോളിനെ കുറിച്ചായിരുന്നു. ലോകത്തിലെ മികച്ച പ്രതിരോധ താരമായിരുന്ന ഇറ്റലിയുടെ അലക്സാന്ദ്രോ നെസ്റ്റയെ കബളിപ്പിച്ചാണ് സുശാന്ത് മാത്യു ആഗോൾ നേടിയതെന്ന് ഡയാന എടുത്തു പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ അരങ്ങേറിയ ആ മൽസരം തങ്ങളും ലൈവായി കണ്ടിരുന്നതായി ലുക്മാനും റാഷിദും പറഞ്ഞു. ആ അനുഭവം ഒന്നു പങ്കുവെക്കാനുള്ള ഡയാനയുടെ അഭ്യർഥനയിൽ സുശാന്തിന്റെ മനസ്സ് ഒരു നിമിഷം വർഷങ്ങൾ പിറകോട്ടുപോയി.

സോക്കർ കാർണിവൽ വേദിയിൽ അവതാരകയായി നടി

ഡയാന ഹമീദ്

‘‘അത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. അത്രയും സ്​പെഷ്യൽ മൊമന്റ് ആണത്. 2014ൽ ഐ.എസ്.എൽ ആദ്യ സീസൺ അവതരിപ്പിച്ചപ്പോൾ ലോകകപ്പ് കളിച്ച ഒരുപാട് താരങ്ങൾ കളിക്കാൻവന്നിരുന്നു. എന്തുകൊണ്ടും ആ ടൂർണമെന്റ് വളരെ ആകർഷകമായിരുന്നു. ഗൾഫ് നാടുകളിലുള്ള എല്ലാവരും അതിന്റെ ഫോളോ ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ടീം രൂപവൽകരിച്ച അന്നു മുതൽ ഞാൻ ആ ടീമിന്റെ ഭാഗമായിരുന്നു. അന്ന് ജി.സി.സിയിലെ നിരവധി ആരാധകർ എനിക്ക് ഫോൺ വിളിക്കുകയും മെസേജ് അയക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തിരുന്നു. ആ ടൂർണമെന്റ് അന്ന് അത്രയും ഗംഭീരമായിരുന്നു. അതിന്റെ മാർക്കറ്റിങ് വളരെ പ്രധാനമായിരുന്നു. എനിക്കു മുമ്പും നമ്മുടെ ഐ.എം. വിജയനും ജോപോൾ അഞ്ചേരിയടക്കമുള്ള സൂപ്പർ സ്റ്റാറുകൾ ഗംഭീര ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ, എന്റെ ഗോളിന് അത്രയും പബ്ലിസിറ്റി വന്നത് സോഷ്യൽ മീഡിയയുടെ സ്വാധീനവും ആ ടൂർണമെന്റിന്റെ മാർക്കറ്റിങ്ങും കൊണ്ടാണ്. ഒരു ലക്ഷത്തോടടുത്ത കാണികൾക്ക് മുന്നിൽ അങ്ങനെ ഒരു അവസരം കിട്ടുക എന്നത് എന്റെ ജീവിതത്തിലെ ഭാഗ്യ നിമിഷമാണ്.’’- സുശാന്ത് പറഞ്ഞു. ആ ഒരു മൊമന്റ് അദ്ദേഹത്തിലൂടെ മലയാളികൾക്ക് കിട്ടി എന്നതാണ് നമുക്ക് ഏറ്റവും അഭിമാനിക്കാവുന്ന കാര്യമെന്ന് ഡയാന കൂട്ടിച്ചേർത്തു.

സുശാന്തിന്റെ അസുലഭ ഗോളിന്റെ കമന്ററി റാഷിദ് കോട്ടക്കൽ വേദിയിൽ ലൈവായി പുനരാവിഷ്‍കരിക്കുകയും ചെയ്തതോടെ വീണ്ടുമൊരിക്കൽക്കൂടി കാണികൾ ഐ.എസ്.എൽ ഫുട്ബാളിലെ മ​നോഹരഗോൾ നിമിഷത്തെ കുറിച്ചുള്ള ഓർമകളി​ലലിഞ്ഞു. കുട്ടികളെ കായിക പരിശീലനത്തിന് രക്ഷിതാക്കൾ അയക്കണമെന്നും പുതിയ കാലത്ത് സ്​പോർട്സാണ് കുട്ടികൾക്ക് ഊർജമായി മാറേണ്ടതെന്നും ഉദ്ഘാടന ചടങ്ങിൽ തന്റെ സംസാരത്തിൽ സുശാന്ത് മാത്യു സദസ്സിനെ ഉണർത്തിയിരുന്നു. ഇത്രയും ഗംഭീരമായ ഒരു സോക്കർ കാർണിവൽ മസ്കത്തിൽ ഒരുക്കിയതിനെയും അദ്ദേഹം പ്രശംസിച്ചു.

‘ഞാനുമൊരു ഗോളിയായിരുന്നു....’

  • കാൽപന്തുകളിയുമായുള്ളള തന്റെ ഹൃദയബന്ധത്തെകുറിച്ച് സോക്കർ കാർണിവൽ വേദിയിൽ മനസ്സു തുറന്ന് നടൻ ലുക്മാൻ അവറാൻ

മസ്കത്ത്: മലപ്പുറം ചങ്ങരംകുളം സ്വദേശിയായ നടൻ ലുക്മാൻ അവറാന്റെ ജീവിതവും ഫുട്ബാളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം പന്തു കളിച്ചു നടന്നിട്ടുണ്ട്. ഗോൾ വലക്ക് താഴെ കാവൽഭടനായി നിൽക്കാനായിരുന്നു തനിക്കിഷ്ടമെന്നും നാട്ടിലെ സൂ​ര്യ ആർട്സ് ആൻഡ് സ്​പോർട്സ് ക്ലബ്ബിന്റെ പഴയ ഗോളിയായിരുന്നു താനെന്നും വേറെ ക്ലബ്ബുകൾക്ക് ഗോളിയായി കളിക്കാൻ പോയിട്ടുണ്ടെന്നും ലുക്മാൻ സോക്കർ കാർണിവൽ വേദിയിൽ ഓർമത്താളുകൾ മറിച്ചു. ലുക്മാൻ കരിയറിന്റെ തുടക്കത്തിൽ ചെയ്ത കെ.എൽ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, ആനപ്പറമ്പിലെ വേൾഡ് കപ്പ് തുടങ്ങിയ സിനിമകളിലെല്ലാം ഫുട്ബാൾ കളിയുമായി ബന്ധപ്പെട്ട കഥയും വേഷവുമായിരുന്നെന്ന് അവതാരക ഡയാന ഓർമപ്പെടുത്തി.

സുശാന്തേട്ടന്റെ അന്നത്തെ ഗോൾ ദൃശ്യം സോക്കർ കാർണിവൽ വേദിയിൽ കണ്ടപ്പോൾ പോലും തനിക്ക് കോരിത്തരിപ്പാണ് അനുഭവപ്പെട്ടതെന്ന് ലുക്മാൻ പറഞ്ഞു. അങ്ങനെയൊരു മൊമന്റ് മനസ്സിൽ സങ്കൽപിച്ചിരുന്നോ എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചിരുന്നു. അത്രയും കാലത്തെ തന്റെ ഹാർഡ് വർക്കിന്റെബ ഫലമാണ് അതെന്നായിരുന്നു സുശാന്തേട്ടന്റെ മറുപടി. മനസ്സിൽ പല കണക്കുകൂട്ടലുകൾക്കൊടുവിലാണ് ഒരു നിമിഷത്തിൽ ആ ഗോളിലേക്ക് അദ്ദേഹം പന്തുതൊടുക്കുന്നത്. അതുകണ്ടാൽ നമ്മൾ എന്തായാലും അദ്ദേഹത്തി​ന്റെ ഭയങ്കര ഫാനായി മാറുമെന്നും ലുക്മാൻ പറഞ്ഞു.

ഇപ്പോൾ കളികളും ഗ്രൗണ്ടും കുറഞ്ഞു. അന്ന് നമുക്ക് ഒഴിവുവേളകളിൽ കളിക്കുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ ഒഴിവുസമയങ്ങൾ നമ്മുടെ പാഷന് വേണ്ടിയുള്ള ഹാർഡ് വർക്കായിരുന്നു. ഇപ്പോൾ കളിക്കാൻ മൈതാനമുണ്ടാവുക എന്നതും സോക്കർ കാർണിവൽ പോലെയുള്ള മൽസരങ്ങളുണ്ടാവുക എന്നതും അഭിനന്ദനീയമാണ്. ഇത്തരം ഫുട്ബാൾ നമുക്ക് നൽകുന്നത് ഊർജമാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും ലുക്മാൻ പറഞ്ഞു.

മാധ്യമവുമായും ഒമാനുമായും തനിക്കുള്ള ബന്ധത്തെ കുറിച്ചും ലുക്മാൻ വാചാലനായി. ചെറുപ്പം മുതൽ വായിക്കുന്ന പത്രമാണ് ‘മാധ്യമം’. ഇന്നും ‘മാധ്യമം’ വീട്ടിൽവരുന്നുണ്ട്. അതുപോലെ, ഒമാൻ തനിക്ക് പ്രിയപ്പെട്ട നാടാണെന്നും തന്റെ പിതാവ് സലാലയിൽ 35 വർഷത്തോളം ജോലി ചെയ്തിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഒമാനിലേക്കുള്ള തന്റെ ആദ്യ എൻട്രി സോക്കർ കാർണിവലിലൂടെയാണെന്നും ലുക്മാൻ പറഞ്ഞു. സോക്കർ വേദിയിൽ താരം തന്റെ പഴയകാലത്തെ ഓർമിപ്പിച്ച് പ്രദർശനത്തിനായി ഗോളിയാവുകയും ചെയ്തു.

Tags:    
News Summary - Food, football, and that amazing goal.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.