മസ്‌കത്ത്: പുതിയ വർഷത്തിലെ ഖരീഫ് സീസണിനോടനുബന്ധിച്ച് മസ്‌കത്ത് -സലാല വിമാന സർവീസുകളുടെ നിരക്കുകളിൽ നിയന്ത്രണം പ്രഖ്യാപിച്ച് ഗതാഗത മന്ത്രാലയം. സീസണൽ നിരക്ക് വർധന ഒഴിവാക്കുന്നതിനായി ഘട്ടംഘട്ടമായ ഫിക്സഡ് നിരക്ക് സംവിധാനം അവതരിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഒമാൻ എയർപോർട്ട്സ്, ഒമാൻ എയർ, സലാം എന്നിവ സംയുക്തമായി മസ്‌കത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. 2025ൽ മികച്ച പ്രവർത്തന-സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചതായി കമ്പനികൾ അറിയിച്ചു.
ഖരീഫ് സീസണിൽ നിരക്കുകളിൽ സുതാര്യത ഉറപ്പാക്കുകയും യാത്രാ പദ്ധതികൾ എളുപ്പമാക്കുകയും ചെയ്യുന്നതിനായാണ് പുതിയ നിരക്ക് ഘടന അവതരിപ്പിച്ചത്. പുതുക്കിയ സംവിധാനപ്രകാരം ഖരീഫ് സീസണിൽ നിരക്ക് 54 ഒമാനി റിയാൽ ആയി നിശ്ചയിച്ചപ്പോൾ ഓഫ്-സീസൺ അടിസ്ഥാന നിരക്ക് 64 ഒമാനി റിയാൽ ആയും നിശ്ചയിച്ചു. ബുക്കിങ് സമയം കണക്കിലെടുത്ത് ഡൈനാമിക് നിരക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: ഒരു മാസം മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് 36 ഒമാനി റിയാൽ, രണ്ട് ആഴ്ചയോ അതിനു മുമ്പോ മുൻകൂർ ബുക്കിങ്ങിന് 46 ഒമാനി റിയാൽ, അവസാന നിമിഷ ബുക്കിങ്ങുകൾക്ക് 57 ഒമാനി റിയാൽ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചത്. മുൻകാലങ്ങളിൽ 90 ഒമാനി റിയാൽ വരെ ഉയർന്നിരുന്ന നിരക്കാണ് ഇത്തവണ ക്രമപ്പെടുത്തിയത്.
വ്യോമയാന മേഖലയെ പുനഃസംഘടിപ്പിക്കുകയും പ്രാദേശിക-അന്താരാഷ്ട്രതലങ്ങളിൽ മത്സരക്ഷമത ഉയർത്തുകയും ചെയ്യുന്ന തന്ത്രപരമായ നടപടികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വാറത്താ സമ്മേളനത്തിൽ ഗതഗാത മന്ത്രി പറഞ്ഞു.
2023 സെപ്തംബറിൽ ആരംഭിച്ച പരിഷ്കരണംത്തിലൂടെ പ്രവർത്തനക്ഷമത, സാമ്പത്തിക പ്രകടനം, ഉൽപാദനക്ഷമത എന്നിവയിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2026 -2030 കാലയളവിലേക്കുള്ള പദ്ധതികളിൽ സാമ്പത്തിക സുസ്ഥിരത, അന്താരാഷ്ട്ര വിപുലീകരണം, ടൂറിസം-ലോജിസ്റ്റിക്സ് മേഖലകളിലെ വൈവിധ്യവൽക്കരണം എന്നിവക്ക് മുൻഗണന നൽകുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, രാജ്യത്ത് പുതിയ എയർക്രാഫ്റ്റ് മെയിന്റനൻസ് - റിപ്പയർ വർക്ഷോപ്പ് ആരംഭിക്കുന്നതും പദ്ധതിയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.