മസ്കത്ത്: സർക്കാർ മേഖലയിലെ റമദാൻ മാസത്ത ‘ഫ്ലക്സിബിള്‍’ രീതി അനുസരിച്ചുള്ള ജോലി സമയം ജീവനക്കാർക്ക് ഗുണകരമാകുന്നതോടൊപ്പം നിരത്തുകളിലെ തിരക്കൊഴിവാകുന്നതിനും സഹായകമാകും. ‘ ഫ്ലെക്സിബിൾ’ സംവിധാനം അനുസരിച്ച് സർക്കാർ മേഖലയിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, യൂനിറ്റ് മേധാവികൾക്ക് രാവിലെ ഏഴുമുതൽ ഉച്ചക്ക്12, എട്ട് മുതൽ ഉച്ചക്ക് ഒരുമണി, ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് , രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് എന്നിങ്ങനെയുള്ള തൊഴിൽ സമയക്രമം അനുസരിച്ച് തീരുമാനിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിരിക്കുന്നത്.
സാധാരണയായി വൈകീട്ടോടെ പ്രധാന റോഡുകളിൽ, പ്രത്യേകിച്ച് മസ്കത്ത് എക്സ്പ്രസ് വേയിലും റുസൈലിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലും വാഹനങ്ങളുടെ നീണ്ടനിര കാണാറുണ്ട്. ജോലി കഴിഞ്ഞ് ആളുകൾ വീട്ടിലേക്ക് മടങ്ങുന്ന സമയമായതിനാലാണ് ഇത്തരം കുരുക്കുകൾ പലപ്പോഴും അനുഭവപ്പെടുന്നത്. റമദാൻ മാസത്തിലും ആളുകൾ പെട്ടെന്ന് വീടണയാൻ ശ്രമിക്കുന്നവരായിരിക്കും. എന്നാൽ, ചൊവ്വാഴ്ച പ്രഖ്യാപിച്ച ഫ്ലെക്സിബിൾ ജോലി സമയം കാരണം ആളുകൾ ഘട്ടംഘട്ടമായായിരിക്കും ഓഫിസുകളിൽനിന്നും ഇറങ്ങുക. ഇത് നിരത്തുകളിലെ കുരുക്ക് കുറക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായകമാകുമെന്ന് ചൂണ്ടി ക്കാണിക്കുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്, - ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത് - ഷിനാസ്) എന്നീ പാതകളിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി പത്തുവരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.