????????? ???? ???? ??????????????? ??????????

മവാലയില്‍ വന്‍ തീപിടിത്തം;  ഹോട്ടല്‍ പൂര്‍ണമായി കത്തിനശിച്ചു

മസ്കത്ത്: മവാലയില്‍ ശനിയാഴ്ച ഉച്ചക്കുണ്ടായ വന്‍ തീപിടിത്തത്തില്‍ ഹോട്ടല്‍ പൂര്‍ണമായി കത്തിനശിച്ചു. രണ്ട് നിലകളിലായി അറബി ഭക്ഷണങ്ങള്‍ വില്‍പന നടത്തുന്ന അല്‍ മാഇദ ഹോട്ടലിനാണ് തീപിടിച്ചത്. 
ഉച്ചക്ക് മൂന്നോടെ തുടങ്ങിയ തീപിടിത്തം വൈകുന്നേരം അഞ്ചോടെയാണ് നിയന്ത്രണവിധേയമാക്കിയത്. ആയിരക്കണക്കിന് റിയാലിന്‍െറ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. അഞ്ച് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ തീയണക്കാനത്തെിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. തീ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് പടരാതെ നിയന്ത്രിച്ചതിനാല്‍ വന്‍ നഷ്ടം ഒഴിവാക്കാന്‍ സാധിച്ചു. റോയല്‍ ഒമാന്‍ പൊലീസും സ്ഥലത്തത്തെിയിരുന്നു. 
മൂന്നുമാസം മുമ്പ് ആയിരക്കണക്കിന് റിയാല്‍ ചെലവിട്ട് ഹോട്ടല്‍ പുതുക്കിപ്പണിതിരുന്നു. അറബി ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ ആയതിനാല്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഉച്ച സമയമായതിനാല്‍ നിരവധിപേര്‍ ഇരുനിലകളിലും ഭക്ഷണം കഴിക്കാനത്തെിയിരുന്നു. തീ ആളിപ്പടരുന്നതുകണ്ട് താഴത്തെ നിലയിലുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മുകള്‍ നിലയിലുള്ളവര്‍ തീ കണ്ട് പരിഭ്രാന്തരായി. 
ചിലര്‍ മുകളില്‍നിന്ന് ജനല്‍ വഴി താഴേക്ക് ചാടുന്നത് കണ്ടതായി ഹോട്ടലിന് സമീപം കഫ്തീരിയ നടത്തുന്ന തലശ്ശേരി സ്വദേശി ത്വയ്യിബ് പറഞ്ഞു. പരിഭ്രാന്തരായ സ്ത്രീകളടക്കം മൂന്നുപേര്‍ താഴെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് ചാടി. ഇവര്‍ക്ക് ചെറിയ പരിക്കേറ്റു. ഇവരെ ആശുപത്രിയിലത്തെിച്ചതായും ദൃക്സാക്ഷികള്‍ പറഞ്ഞു. 
മുകളില്‍ കുടുങ്ങിയ ചിലരെ കോണി വഴി താഴെയിറക്കി. ജീവനക്കാര്‍ക്കോ ഭക്ഷണം കഴിക്കാനത്തെിയവര്‍ക്കോ കാര്യമായ പരിക്കുകളൊന്നും പറ്റാത്തതിലുള്ള ആശ്വാസത്തിലാണ് ഹോട്ടല്‍ അധികൃതരും പരിസരവാസികളും. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് റൂവിയിലും അല്‍ ഹംരിയയിലും തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. റൂവിയില്‍ മുകളിലത്തെ നിലയിലായിരുന്നു തീ പിടിച്ചത്. 
തീപിടിത്തം കാരണം ഫ്ളാറ്റില്‍ കുടുങ്ങിപ്പോയ നാലുപേരെ ഫയര്‍ഫോഴ്സ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. തീപിടിത്തങ്ങളുടെ പ്രധാന കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കഴിഞ്ഞവര്‍ഷം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 
തീപിടിത്തങ്ങളില്‍ മൂന്നില്‍ ഒന്നും വൈദ്യുതി കാരണമാണെന്നാണ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതു അതോറിറ്റി അധികൃതര്‍ പറയുന്നത്. 
കഴിഞ്ഞ വര്‍ഷം ഏറ്റവുംകൂടുതല്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത് മസ്കത്ത് ഗവര്‍ണറേറ്റിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമായി 1225 തീപിടിത്തങ്ങളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. 

Tags:    
News Summary - fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.