മസ്കത്ത് റൂവിയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: റൂവിയിലെ കൊമേഴ്സ്യൽ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് പ്രോജക്റ്റിന് മസ്കത്ത് മുനിസിപ്പാലിറ്റി ടെൻഡർ നൽകി. ഹരിത പ്രദേശങ്ങൾ വികസിപ്പിക്കുക, ഇരിപ്പിടങ്ങൾ ഒരുക്കുക, സുഗമമായ ഗതാഗതം ഉറപ്പാക്കാൻ അധിക പാർക്കിങ് സൗകര്യം, കാൽനട പാതകൾ വികസിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുക, മറ്റ് സൗകര്യങ്ങൾ സ്ഥാപിക്കൽ എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു.
360,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 16 മാസത്തെ സമയപരിധിയോടെ പദ്ധതി നടപ്പിലാക്കും. വാണിജ്യ അയൽപക്കങ്ങൾ വികസിപ്പിക്കാനുള്ള മസ്കത്ത് ഗവർണറേറ്റിന്റെ തന്ത്രത്തിന്റെ ഭാഗമാണിത്. നഗര ഭൂപ്രകൃതി വർധിപ്പിക്കുന്നതിനും നഗര ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സേവിക്കുന്ന സമഗ്രവും സുസ്ഥിരവും മനുഷ്യ കേന്ദ്രീകൃതവുമായ നഗര അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏകദേശം 6,500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലാൻഡ്സ്കേപ്പിങ്ങും ഹരിത ഇടങ്ങളും, 2,458 പുതിയ പാർക്കിങ് സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 101,806 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാൽനട നടപ്പാതകൾ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചറന്റെ വിന്യാസം, സേവന കിയോസ്കുകളുടെയും ആധുനിക വിശ്രമമുറികളുടെയും നിർമാണം എന്നിവ പദ്ധതിയുടെ സവിശേഷതയാണ്.
ഇത് സാമ്പത്തികവും വാണിജ്യപരവുമായ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും നഗര അനുഭവം സമ്പന്നമാക്കുന്നതിനും സഹായിക്കുന്നു. മസ്കത്ത് ഗവർണറേറ്റ് അതിന്റെ സാമ്പത്തിക, ടൂറിസം സ്ഥാനം ശക്തിപ്പെടുത്തുകയും സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന വൻ വികസന പദ്ധതികൾ നടത്തിക്കൊണ്ടിരികുയാണെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.
മാനദണ്ഡങ്ങൾക്കനുസൃതമായി വാണിജ്യ മേഖലകൾ വികസിപ്പിക്കുന്നതിനുള്ള മസ്കത്ത് ഗവർണറേറ്റിന്റെ തന്ത്രത്തിൽ ഉൾപ്പെടുന്നതാണ് റൂവി കൊമേഴ്സ്യൽ ഡിസ്ട്രിക്റ്റ് ഡെവലപ്മെന്റ് പ്രോജക്റ്റ്. ഈ വികസന പദ്ധതികൾ ഗ്രേറ്റർ മസ്കത്ത് സ്ട്രക്ചറൽ പ്ലാനുമായി യോജിക്കുന്നു. സാമ്പത്തിക വളർച്ചയും ജീവിത നിലവാരവും സന്തുലിതമാക്കാനും നിലവിലുള്ളതും ഭാവി തലമുറയുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ നഗര അന്തരീക്ഷം കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നു.
മസ്കത്ത് ഗവർണറേറ്റിന്റെ വികസന ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് വാണിജ്യ കേന്ദ്രങ്ങളെ ഊർജസ്വലവും സുസ്ഥിരവുമായ ലക്ഷ്യസ്ഥാനങ്ങളാക്കി മാറ്റാനുള്ള മസ്കത്ത് മുനിസിപ്പാലിറ്റിയുടെ സുപ്രധാന ചുവടുവെപ്പാണ് റൂവി കൊമേഴ്സ്യൽ ഡിസ്ട്രിക്റ്റ് ഡെവലപ്മെൻ്റ് പ്രോജക്റ്റ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും പൊതുസേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും നിക്ഷേപകർക്ക് പ്രദേശത്തിന്റെ ആകർഷണം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.