മസ്കത്ത്: ഭീഷണിപ്പെടുത്തിയും കേസിൽ കുടുക്കിയും എതിർശബ്ദങ്ങളെ അടിച്ചമർത്തി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ലോക്സഭ അംഗത്വ അയോഗ്യത നടപടിയെന്ന് ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി ജനകോടികളുടെ ഹൃദയങ്ങൾ കീഴടക്കി.
ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഭീഷണികളും ജനമധ്യത്തിൽ തുറന്നുകാട്ടി. സാധാരണജനങ്ങൾ അവരുടെ ആശങ്കകൾ രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു. ഇതെല്ലാമാണ് രാഹുൽ ഗാന്ധി ചെയ്ത തെറ്റ്.
വർഗീയ വിഷം തുപ്പുന്ന പ്രസംഗം നടത്തിയവരും വ്യക്തിഹത്യയും കുടുംബഹത്യയും നടത്തിയവരും യോഗ്യരായി വാഴുമ്പോൾ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് അയോഗ്യത കൽപിക്കപ്പെടുകയാണ്. ഈ പോരാട്ടം കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുക്കുമെന്നും അന്തിമ വിജയം രാഹുൽ ഗാന്ധിക്കും ഇന്ത്യൻ ജനാധിപത്യത്തിനുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധം -പ്രവാസി വെൽഫെയർ സലാല
സലാല: കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി അങ്ങേയറ്റം ഭീരുത്വം കലർന്നതും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രവാസി വെൽഫെയർ സലാല അഭിപ്രായപ്പെട്ടു.
എതിർശബ്ദങ്ങളെ ഭയക്കുന്നവർ ജനാധിപത്യ സംവിധാനങ്ങളെ നിശ്ശബ്ദമാക്കി രാജ്യത്തെ പ്രാകൃത യുഗത്തിലേക്ക് നയിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വംശഹത്യക്ക് നേതൃത്വം കൊടുത്തവരും ക്രിമിനൽ കേസുകളിൽ പ്രതികളായവരും ഭരണസംവിധാനങ്ങളിൽ യഥേഷ്ടം വിഹരിക്കുമ്പോൾ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ തടവുശിക്ഷ വിധിച്ചത് മറയാക്കി തിടുക്കത്തിൽ ലോക്സഭാംഗത്വം റദ്ദാക്കിയത് ആസൂത്രിതമാണ്. ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ജനകീയ അടിത്തറ പടുത്തുയർത്തണമെന്ന് പ്രവാസി വെൽഫെയർ സലാല ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.