മസ്കത്ത്: മയക്കുമരുന്ന് ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും തടയാൻ ഒമാൻ തീവ്രശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക വികസന മന്ത്രാലയത്തിലെ ഫാമിലി കൗൺസലിങ് ആൻഡ് കൗൺസലിങ് വിഭാഗം ഡയറക്ടർ ഡോ. ജലാൽ യൂസുഫ് അൽ മുഖൈനി പറഞ്ഞു.
മയക്കുമരുന്നിന്റെ ഉപയോഗം നേരത്തേ തിരിച്ചറിയാൻ കുടുംബങ്ങൾ, സ്കൂളുകൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള സമഗ്രമായ സമീപനത്തിന്റെ ആവശ്യകതയെപ്പറ്റി ഷബീബ റേഡിയോയോട് സംസാരിക്കവേ അദ്ദേഹം എടുത്തുപറഞ്ഞു. 2020ൽ സുൽത്താനേറ്റിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം 1700 ആണ്. രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ 37 പേർ സ്ത്രീകളാണെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്. നിരീക്ഷണ സുരക്ഷ അധികാരികളിൽനിന്ന് കണ്ടെത്താനാകാത്ത മയക്കുമരുന്നുകളുടെ ഉപയോഗത്തിന് കൂടുതൽ സാധ്യതയുണ്ടെന്നുള്ളത് ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ അപകടം ചെറുപ്പക്കാർക്കിടയിലെ മയക്കുമരുന്ന് ഉപയോഗമാണ്.
12-13 വയസ്സിനിടയിലുള്ള കൗമാരക്കാർക്കിടയിൽ മയക്കുമരുന്നിനോട് ആസക്തിയുള്ളതായി കണ്ടെത്തിയ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപനം തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങളിലെ ജീവനക്കാർ, സുരക്ഷ, സൈനിക, ആരോഗ്യഅധികാരികൾ, സമൂഹം തുടങ്ങിയവർ ശ്രദ്ധചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അൽ മുഖൈനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.