മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും റോയൽ ഒമാൻ പൊലീസിന്റെയും സഹകരണത്തോടെ ഒമാനിലെ ആദ്യ ഇലക്ട്രിക് ലോക്കോമോട്ടീവ് ഒമാൻ ഫ്ലോർ മിൽസിന് ലഭിച്ചു. ദേശീയ വ്യവസായങ്ങളുടെ മത്സരശേഷിയെ പിന്തുണക്കുകയും ഭക്ഷ്യസുരക്ഷാമേഖലയെ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക, പരിസ്ഥിതി മലിനീകരണവും കാർബൺ ഉദ്വമനവും കുറക്കുക, ജോലിസ്ഥലത്തെ ശബ്ദമലിനീകരണം കുറക്കുക, പ്രവർത്തന, പരിപാലന ചെലവുകൾ 59 ശതമാനം കുറക്കുക എന്നിവയും ഇതിലൂടെ ഉദ്ദേശിക്കുന്നു.
ധാന്യ സൈലോകളിൽനിന്ന് അസംസ്കൃത വസ്തുക്കൾ ഉൽപാദന പ്ലാന്റുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് ഇത് തുടക്കത്തിൽ ഉപയോഗിക്കുക എന്ന് ഒമാൻ ഫ്ലോർ മിൽസിലെ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് ഓപറേഷൻസ് മാനേജർ വലീദ് ബിൻ സഈദ് അൽ സാൽമി പറഞ്ഞു. 2050 ഓടെ നെറ്റ്-സീറോ കാർബൺ ഉദ്വമനം കൈവരിക്കുക എന്ന ഒമാന്റെ ലക്ഷ്യവുമായി ഒമാൻ ഫ്ലോർ മിൽസ് ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ലോക്കോമോട്ടിവ് യോജിക്കുന്നുണ്ട്.
ലോക്കോമോട്ടീവിന് 60 ടൺ വരെ ടോവിങ് ശേഷി, 190 കിലോമീറ്റർ ദൂരം, 423 കിലോവാട്ട് ബാറ്ററി ശേഷി, 1.5 മണിക്കൂർ ചാർജിങ് സമയം എന്നിവയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. പരമ്പരാഗത ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവർത്തന, പരിപാലന ചെലവ് കുറക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദപരമാകുന്നത് ഉൾപ്പെടെ നിരവധി ഗുണങ്ങൾ ലോക്കോമോട്ടീവ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അൽ സാൽമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.