കര്‍ണന്‍െറ ജീവിതകഥ പറയുന്ന രാധേയന്‍ ഇന്ന് അരങ്ങില്‍

മസ്കത്ത്: പ്രശസ്ത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്തിന്‍െറ ‘മൃത്യുഞ്ജയ’ എന്ന നോവലിനെ ആധാരമാക്കി മലയാളിയായ സുനില്‍കുമാര്‍ കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്യുന്ന നാടകം ‘രാധേയന്‍’ ഇന്ന് വൈകീട്ട് ആറിന് അല്‍ഫലാജ് ഹോട്ടലില്‍ അരങ്ങേറും. മഹാഭാരതത്തിലെ ശക്തമായ കഥാപാത്രമായ കര്‍ണന്‍െറ ആത്മസംഘര്‍ഷത്തിന്‍െറയും ആത്മാര്‍ഥതയുടെയും കഥ പറയുന്ന രാധേയന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗമാണ് അവതരിപ്പിക്കുന്നത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ഭാഷകളില്‍ എഴുതപ്പെട്ട നോവലുകളില്‍ ഏറ്റവും ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ നോവലാണ് ‘മൃത്യഞ്ജയ’. അതുകൊണ്ടുതന്നെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു ഇതിന്‍െറ രചന എന്ന് സംവിധായകന്‍ സുനില്‍കുമാര്‍ കൃഷ്ണന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കര്‍ണന്‍, ദുര്യോധനന്‍, കൃഷ്ണന്‍, കുന്തി, കര്‍ണന്‍െറ അനുജന്‍ ശോണന്‍, ഭാര്യ വൃഷാലി എന്നിവരുടെ ആത്മാവിഷ്കാരത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. നിരവധി കഥാപാത്രങ്ങളുള്ള മൂലകഥയില്‍നിന്നും പ്രധാന കഥാപാത്രങ്ങളെ കോര്‍ത്തിണക്കിയാണ് നാടകരചന നിര്‍വഹിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നോവല്‍ വായിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ട ഒന്നായിരുന്നു ഈ നോവല്‍ നാടകമാക്കുക എന്ന ആശയം. അതിനായി ഈ നോവല്‍ നിരവധി  പ്രാവശ്യം വായിച്ചു. അതിനുശേഷം മഹാഭാരതവും വായിച്ചു മനസ്സിലാക്കിയ ശേഷമാണ് ഇതിന്‍െറ രചന ആരംഭിച്ചത്. മൂലകഥയില്‍ നിന്നും വ്യതിചലിക്കാതെ  നോവലില്‍നിന്നും വ്യത്യസ്തമായ രീതിയിലാണ് നാടകരചന നിര്‍വഹിച്ചിരിക്കുന്നത്.  കര്‍ണന്‍െറ 20 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള ജീവിതകാലമാണ് രംഗത്ത് അവതരിപ്പിക്കുന്നത്. ഏഴു മാസം എടുത്താണ് രചന പൂര്‍ത്തിയാക്കിയത്. അഞ്ചു മണിക്കൂറിലധികം ഉണ്ടായിരുന്ന നാടകത്തെ മൂന്നു മണിക്കൂറിലേക്ക് ചുരുക്കുക എന്നതായിരുന്നു പിന്നീടുള്ള വെല്ലുവിളി. നാടകരചന നിര്‍വഹിച്ചതിനേക്കാള്‍ വലിയ വെല്ലുവിളി ആയിരുന്നു കഥാപാത്രങ്ങളെ കണ്ടത്തെുകയെന്നതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പിന്നീടുള്ള തുടര്‍വായനകളില്‍  ഓരോ കഥാപാത്രങ്ങള്‍ ആയി ആരൊക്കെ രംഗത്തുവരണം എന്നും ഏകദേശ ധാരണ വന്നു. പ്രധാന കഥാപാത്രങ്ങളിലേക്ക് ഒന്നിലധികം പേരെ പരിഗണിച്ചശേഷമാണ് അന്തിമതീരുമാനം എടുത്തത്. ബിജു വര്‍ഗീസ് ആണ് കര്‍ണനെ അവതരിപ്പിക്കുന്നത്. കൃഷ്ണനായി ഹരിപ്രസാദും ദുര്യോധനനായി ജെയ്സണ്‍ പി. മത്തായിയും ശകുനിയായി ബഷീര്‍ എരുമേലിയുമാണ് അരങ്ങിലത്തെുന്നത്. ചില പ്രധാന കഥാപാത്രങ്ങളെ രംഗത്തുവരുത്താതെതന്നെ അവരുടെ സാന്നിധ്യം നാടകത്തില്‍ അനുഭവപ്പെടുന്ന രീതിയിലാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അതോടൊപ്പം, ചില രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പരിമിതികള്‍ ഉള്ളതിനാല്‍ അതെല്ലാം പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്ന രീതിയില്‍ സംഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കൈ്ളമാക്സ് ഉള്‍പ്പടെ നിരവധി രംഗങ്ങള്‍ കാണികള്‍ക്ക് നവ്യാനുഭവം ആകുമെന്നും സംവിധായകന്‍ പറയുന്നു. നോവല്‍ വായിച്ചവര്‍ക്ക് ഇത് ഇങ്ങനെയും ചെയ്യാമോ എന്നുതോന്നുന്ന രീതിയിലായിരിക്കും ആഖ്യാനം. നോവല്‍ വായിക്കാത്തവര്‍ക്ക് തികച്ചും പുതിയ അനുഭവമായിരിക്കും നാടകമെന്ന് സംവിധായകന്‍ പറഞ്ഞു. ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ് നായക കഥാപാത്രമെന്ന് നാടകത്തില്‍ കര്‍ണന്‍െറ വേഷം അഭിനയിക്കുന്ന ബിജു വര്‍ഗീസ് പറഞ്ഞു. ഒരേ സമയം ഉദാരനായ രാജാവിന്‍െറയും വിശ്വസ്തനായ സുഹൃത്തിന്‍െറയും പ്രതികാരദാഹിയായ വില്ലന്‍െറയും വേഷപ്പകര്‍ച്ചകളാണ് കര്‍ണന്‍െറ കഥാപാത്രത്തിന് അണിയേണ്ടിവരുന്നത്. മസ്കത്ത് തിയറ്റര്‍ ഗ്രൂപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ആദ്യവാരം അരങ്ങേറുന്ന തോപ്പില്‍ ഭാസിയുടെ മുടിയനായ പുത്രനിലെ പ്രധാന കഥാപാത്രത്തെ  അവതരിപ്പിക്കുന്നതും ബിജു വര്‍ഗീസാണ്. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗമാണ് നാടകം അവതരിപ്പിക്കുന്നത്. മലയാള വിഭാഗം തന്നെയാണ് പ്രധാന ചെലവുകള്‍ വഹിക്കുന്നതും. ഇതോടൊപ്പം, മറ്റുപലരും പരിപാടിയുമായി സഹകരിക്കുന്നുണ്ട്. അംഗങ്ങള്‍ പലരും നാളുകളായി ഇതിനായി ആത്മാര്‍ഥമായി രംഗത്തുണ്ടെന്നും മലയാള വിഭാഗം കണ്‍വീനര്‍ ജി.കെ. കാരണവര്‍ പറഞ്ഞു. മലയാള വിഭാഗം അംഗങ്ങളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി നാടകത്തിനുണ്ട്.  തലമുതിര്‍ന്ന കലാകാരനായ ആര്‍ട്ടിസ്റ്റ് സുജാതനാണ് രംഗപടം ഒരുക്കുന്നത്. ദീപ സംവിധാനം കെ.പി.എ.സി അന്‍സാര്‍ ഇബ്രാഹിമും സഹസംവിധാനം എസ്.എന്‍. ഗോപകുമാറുമാണ്. ഡി. ശിവപ്രസാദ് സംഗീതവും കെ.സുനില്‍കുമാര്‍ ഗാനരചനയും സംഗീത പ്രവീണ്‍ നൃത്ത സംവിധാനവും നിര്‍വഹിച്ചിട്ടുള്ള രാധേയന്‍ ഇന്ന് വൈകീട്ട് ആറിന്  ആരംഭിക്കും. അഞ്ചുമുതല്‍ പ്രവേശനം ആരംഭിക്കും . ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കണ്‍വീനര്‍ കാരണവര്‍ പറഞ്ഞു. 

Tags:    
News Summary - Drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.