ഖരീഫ് സീസണിന് ഒരുങ്ങി ദോഫാർ

സലാല: ഒമാന്റെ പ്രധാന വിനോദസഞ്ചാര കാലമായ ‘ഖരീഫ് ദോഫാർ 2026’ ന് മുന്നോടിയായി ദോഫാർ ഗവർണറേറ്റിൽ വിപുലമായ ഒരുക്കം. സ്വദേശികളും വിദേശികളുമായ ലക്ഷക്കണക്കിന് സഞ്ചാരികൾ എത്തുന്ന ഖരീഫ് സീസൺ പ്രമാണിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും സുരക്ഷക്കുമാണ് ഇത്തവണ മുൻഗണന നൽകുന്നത്. സലാലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വാദികൾ, വെള്ളച്ചാട്ടങ്ങൾ, പർവത മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള റോഡുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. ഇത്തിഹാദ് എയർവേയ്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികൾ അബുദാബിയിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നും സലാലയിലേക്ക് പ്രത്യേക സീസണൽ സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു.

സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന സഞ്ചാരികളുടെ യാത്രാ നടപടികൾ വേഗത്തിലാക്കാൻ ‘സെൽഫ് സർവീസ്’ പോയിന്റുകളും ഡിജിറ്റൽ ഇൻഫർമേഷൻ സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. വാദികളിലും വെള്ളച്ചാട്ടങ്ങൾക്ക് സമീപവും അപകടങ്ങൾ ഒഴിവാക്കാൻ റോയൽ ഒമാൻ പൊലിസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും കൂടുതൽ ഉദ്യേൽാഗസ്ഥരെയും ജീവനക്കാരെയും വിന്യസിക്കും. മൺസൂൺ സമയത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബീച്ചുകളിൽ സഞ്ചാരികൾക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും ബാരിയറുകളും സ്ഥാപിച്ചിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പാർക്കുകളുടെ നവീകരണം, വഴിയോര വിശ്രമകേന്ദ്രങ്ങളുടെ നിർമാണം, താൽക്കാലിക ഭക്ഷ്യ ഔട്ട്‌ലെറ്റുകൾ എന്നിവക്കുള്ള അനുമതി നൽകൽ എന്നിവ നടന്നുവരുന്നു.

പർവതപ്രദേശങ്ങളിലെ ഹരിതാഭ ആസ്വദിക്കാൻ എത്തുന്നവർക്കായി പ്രത്യേക വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ‘നിങ്ങളിലൂടെ ദോഫാർ അഭിവൃദ്ധിപ്പെടുന്നു’ എന്ന പ്രമേയത്തിൽ സലാലയിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സിൽ ദോഫാർ ഗവർണറേറ്റ് പ്രത്യേക വാർത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ പ്രതിനിധികളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 150-ലധികം പ്രമുഖർ പങ്കെടുത്തു. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള ഗവർണറേറ്റിന്റെ സമഗ്ര തന്ത്രങ്ങളുടെ ആദ്യവർഷ നേട്ടങ്ങളും ഭാവി പദ്ധതികളും ചടങ്ങിൽ വിശദീകരിച്ചു. 10 ലക്ഷം സന്ദർശകരെ പ്രതീക്ഷിക്കുന്നുവരാനിരിക്കുന്ന ഖരീഫ് സീസണിനെ വരവേൽക്കാൻ ദോഫാർ മുനിസിപ്പാലിറ്റി പൂർണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി 125-ലധികം വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പുനർരൂപകൽപന ചെയ്ത അതീൻ സ്ക്വയർ, റിട്ടേൺ ഓഫ് ദി പാസ്റ്റ് മേളകൾ, സൂഖ് ഏരിയ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.   

Tags:    
News Summary - Dhofar prepares for the Kharif season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.