മസ്കത്ത്: വർധിച്ചുവരുന്ന നഗരവത്കരണത്തിെൻറ പശ്ചാത്തലത്തിൽ ചതുപ്പുനിലങ്ങളുടെ സംരക്ഷണം സർക്കാർ ഗൗരവമായി എടുക്കുന്നു. ദേശീയതലത്തിൽ ഇതിനായി കർമപദ്ധതി നടപ്പിൽവരുത്താനാണ് തീരുമാനം. ഖുറം നാചുറൽ റിസർവ്, ദേശാടനപ്പക്ഷികളുടെയും മറ്റും കേന്ദ്രമായ അൽ വുസ്ത ഗവർണറേറ്റിലെ ബാറൽ ഹിക്മാൻ ദ്വീപ്, ദോഫാർ തീരത്തെ ഒമ്പത് ലഗൂണുകൾ തുടങ്ങിയവയാണ് ചതുപ്പുനില സംരക്ഷണ കർമപദ്ധതിയുടെ പരിധിയിൽ വരുക. സർവകലാശാലകൾ, ബിസിനസ് സ്ഥാപനങ്ങൾ, സർക്കാറിതര കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാകും കർമപദ്ധതി നടപ്പിൽ വരുത്തുക.
സംരക്ഷണത്തിനൊപ്പം സന്ദർശകർക്കുവേണ്ട സൗകര്യങ്ങളൊരുക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. വിസിറ്റർ സെൻററുകൾ, വാഹനങ്ങൾക്കുള്ള പ്രത്യേക വഴിത്താരകൾ, പക്ഷി നിരീക്ഷണത്തിനുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കുമെന്ന് പരിസ്ഥിതി, കാലാവസ്ഥാകാര്യ മന്ത്രാലയത്തിലെ ചതുപ്പുനില പരിസ്ഥിതി വിഭാഗം തലവൻ ബദർ അൽ ബലൂഷി പറഞ്ഞു. മത്സ്യങ്ങൾക്ക് ഒപ്പം പക്ഷികളുടെ ആവാസ കേന്ദ്രങ്ങളും അടങ്ങിയ ചതുപ്പുനിലങ്ങൾ വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുന്നതിന് വളരെ സഹായകരമാണ്. അവയുടെ പരിസ്ഥിതിപരമായ സ്വഭാവ സവിശേഷതകൾ നിലനിർത്തിക്കൊണ്ടുള്ള സംരക്ഷണ പദ്ധതിയാണ് മന്ത്രാലയത്തിെൻറ പരിഗണനയിലുള്ളതെന്ന് ബദർ അൽ ബലൂഷി പറഞ്ഞു. സമുദ്ര-സമുദ്രതീരം, വാദികൾ, മനുഷ്യനിർമിതമായ ഫലജുകൾ, ജലസേചനം നടത്തുന്ന ഭൂമി, മത്സ്യകൃഷി നടത്തുന്ന കുളങ്ങൾ എന്നിങ്ങനെയാണ് ഒമാനിലെ ചതുപ്പുനിലങ്ങളെ പൊതുവെ വേർതിരിക്കുന്നത്. നാഷനൽ വെറ്റ്ലാൻഡ് സ്ട്രാറ്റജി വൈകാതെ പ്രഖ്യാപിക്കും. ഇതിെൻറ അടിസ്ഥാനത്തിൽ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളെ റംസാർ കൺവെൻഷെൻറ പരിധിയിൽനിന്ന് എങ്ങനെ സംരക്ഷിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യണമെന്ന് ബദർ അൽ ബലൂഷി പറഞ്ഞു.
2013ലാണ് ഒമാൻ റംസാർ കൺവെൻഷനിൽ അംഗമായി ചേർന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ രാജ്യത്തെ ചതുപ്പുനിലങ്ങളിലെ വൈവിധ്യപൂർണമായ ആവാസ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ റംസാർ പട്ടിക തയാറാക്കുകയും ചെയ്തിട്ടുണ്ട്. ഖുറം നാചുറൽ റിസർവ് ആണ് റംസാർ പട്ടികയിൽ ഉള്ളത്. ദേശാടനപ്പക്ഷികളുടെ പ്രധാന ആവാസകേന്ദ്രമെന്ന നിലയിൽ ബാറൽ ഹിക്മാനെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പദ്ധതികൾ പുരോഗമിച്ചുവരുകയാണ്. ഇൗ വർഷം അവസാനത്തോടെ ഇവിടം അൽ വുസ്ത വെറ്റ്ലാൻഡ് റിസർവ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്യും. മറ്റു പ്രധാന ചതുപ്പുനിലങ്ങളെല്ലാം വരും വർഷങ്ങളിൽ റംസാർ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്ന് ബദർ അൽ ബലൂഷി പറഞ്ഞു. വാദികൾ, ഉപ്പുപാടങ്ങൾ, ലഗൂണുകൾ, കണ്ടൽകാടുകൾ തുടങ്ങി വൈവിധ്യമാർന്ന ചതുപ്പുനില ജൈവിക വ്യവസ്ഥയാണ് ഒമാെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.