മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ നടക്കുന്ന ഡെസേർട്ട് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കമാകും. ഫെബ്രുവരി നാലുവരെ ബിദിയ വിലായത്തിലെ ശർഖിയ സാൻഡ്സിലായിരിക്കും പരിപാടികൾ അരങ്ങേറുക.
നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഫെസ്റ്റിവലിൽ വിവിധ പരിപാടികൾ നടക്കും. ഗവർണറേറ്റിൽ പൊതുവെ ശൈത്യകാല വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഡെസേർട്ട് അഡ്വഞ്ചേഴ്സ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ ടൂറിസം അണ്ടർ സെക്രട്ടറി അസ്സാൻ ബിൻ കാസിം അൽ ബുസൈദി പറഞ്ഞു.
രാജ്യത്തെ ടൂറിസം മേഖലക്ക് ഉണർവേകുക എന്ന ലക്ഷ്യത്തോടെ നാലു ഗവർണറേറ്റുകളിലാണ് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഈ വർഷത്തിന്റെ തുടക്കത്തിൽ ഫെസ്റ്റിവലുകൾ നടത്തുന്നത്. ആദ്യ മൂന്നു മാസങ്ങളിലാണ് ഇവ നടക്കുക. ദിവസങ്ങൾക്കു മുമ്പ് ഹോട്ട് എയർ ബലൂൺ സർവിസിന് ഗവർണറേറ്റിൽ തുടക്കമായിരുന്നു. ഇത് നിരവധി ആളുകളെ ആകർഷിക്കുന്നുണ്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള ഹോട്ട് എയർ ബലൂണിന്റെ പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അനുമതി നൽകിയിരിക്കുന്നത്.
എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു മാത്രമാണ് യാത്ര അനുവദിക്കുക. നിരവധി തുറസ്സായ പ്രദേശങ്ങളും മരുഭൂമികളും അടങ്ങിയ ഭൂപ്രകൃതിയുള്ള ഒമാനിൽ ഹോട്ട് ബലൂണുകൾക്ക് വൻ സാധ്യതയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.