മസ്കത്ത്: മനുഷ്യക്കടത്ത് ഈജിപ്തുകാർക്ക് 17 വർഷം തടവും 80,000 റിയാലിൽ കൂടുതൽ പിഴയും അടക്കാൻ കോടതി വിധിച്ചു. മനുഷ്യക്കടത്ത് സംഘത്തിൽ ഉൾപ്പെട്ടതിന് മൂന്നു ഈജിപ്ഷ്യൻ പൗരന്മാർക്കും ഒരു വാണിജ്യ സ്ഥാപനത്തിനും സുഹാറിലെ അപ്പീൽ കോടതിയാണ് ശിക്ഷിച്ചത്. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾക്ക് മുഹമ്മദ് നബിൽ അൽ സയീദ്, ഷോറൂഖ് അഹമ്മദ് മുഹമ്മദ്, കരിമ മുഹമ്മദ് സാദ് എന്നിവർക്ക് ഏഴു വർഷം തടവും 10,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ഇന്റർനെറ്റ് ഉപയോഗിച്ചതിന് 10 വർഷം തടവും 20,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു.
നാലാം പ്രതിയായി ചേർത്ത ഇഷ്റാഖത്ത് അൽ അസർ ട്രേഡിങ് എസ്റ്റാബ്ലിഷ്മെന്റിന് 10,000 റിയാൽ പിഴയും ഒന്നും നാലും പ്രതികൾക്ക് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തുകയും ചെയ്തു. അൽ സയീദിന് അഞ്ചു വർഷം തടവും 50,000 റിയാൽ പിഴയും ലഭിച്ചു. അതേസമയം കമ്പനിക്ക് 100,000 റിയാൽ പിഴയും വിധിച്ചു. അശ്ലീല ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് അൽ -സയീദിനെയും ഷോറൂക്കിനെയും കോടതി കുറ്റക്കാരായി കണ്ടെത്തി. ആറു മാസം തടവും 500 റിയാൽ പിഴയും വിധിച്ചു.
വിസ, താമസ നിയമങ്ങൾ ലംഘിച്ചതിന് കരിമ സാദിന് 100 റിയാൽ പിഴയും വിധിച്ചു. എല്ലാ വിദേശ കുറ്റവാളികളെയും ശിക്ഷ അനുഭവിച്ചതിന് ശേഷം സ്ഥിരമായി നാടുകടത്താനും, നിയമവിരുദ്ധമായ ഫണ്ടുകൾ, ഉപകരണങ്ങൾ, കമ്പനി സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടാനും, കമ്പനി പിരിച്ചുവിടാനും, അന്തിമ വിധി പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു. തൊഴിൽ, വിവാഹം എന്നീ വ്യാജ വാഗ്ദാനങ്ങൾ നൽകിയായിരുന്നു സംഘം ഒമാനിലേക്ക് ഇരകളെ ആകർഷിച്ചിരുന്നത്. പിന്നീട് വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും അവരുടെ പാസ്പോർട്ടുകൾ പിടച്ചെടുക്കുകയും ചെയ്തുവെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.