സലാല: എട്ടുവർഷത്തോളമായി നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ കായംകുളം സ്വദേശി അനിലിനും കുടുംബത്തിനും മടക്കയാത്രക്ക് വഴി തെളിയുന്നു. പാസ്പോർട്ടും വിസയും കാലാവധി കഴിഞ്ഞതിനാൽ നാട്ടിലേക്കുള്ള തിരിച്ചുപോക്കും കാഴ്ചശക്തി കുറഞ്ഞുവരുന്നതിനാൽ ജോലിക്കു പോകാൻ കഴിയാതെ വരുമാനവും നിലച്ച ഇവരുടെ വിഷയം ‘ഗൾഫ് മാധ്യമം’ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ജോലിചെയ്തിരുന്ന കമ്പനിയുടെ അനാസ്ഥ മൂലമാണ് ഇവരുടെ വിസ പുതുക്കാൻ കഴിയാതിരുന്നത്. ഗൾഫ് മാധ്യമം വാർത്തയെ തുടർന്ന് സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെടുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ അംബാസഡർക്ക് സഹായ അഭ്യർഥന അയച്ചതിനെ തുടർന്ന് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ എമർജൻസി സർട്ടിഫിക്കറ്റ് നൽകാം എന്ന് എംബസി അറിയിച്ചിട്ടുണ്ട്. കൂടാതെ, മാൻപവർ മന്ത്രാലയവുമായി ബന്ധപ്പെട്ട പിഴ സംഖ്യ കുറച്ചുകിട്ടാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.
വെൽഫെയർ ഫോറം ജനസേവന വിഭാഗം കൺവീനർ സജീബ് ജലാലിെൻറ ശ്രമഫലമായി എംബസി സെക്കൻഡ് സെക്രട്ടറി കണ്ണൻ നായർ, നോർക്ക അഡ്വക്കറ്റ് ഗിരീഷ് എന്നിവർ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. വിഷയത്തിൽ ഇടപെട്ട് വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് അപേക്ഷിച്ച് കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ എട്ടുവർഷമായി പിറന്ന നാട്ടിൽ കാലുകുത്തുവാൻ കഴിയാതെ നിരാശയിലും പ്രയാസത്തിലും കഴിഞ്ഞിരുന്ന അനിലും ഭാര്യ ശ്രീരേഖയും മക്കളും ഇപ്പോൾ പ്രതീക്ഷയുടെ തുരുത്ത് തെളിയുന്നതിൽ ഏറെ സന്തോഷത്തിലാണ്. അധികം താമസിക്കാതെ തന്നെ നാടണയാൻ കഴിയണമേ എന്ന പ്രാർഥനയിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.