മസ്കത്ത്: രാജ്യത്ത് കോവിഡ് കേസുകൾ മുകളിലോട്ട് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,828 പേർക്ക് മഹാമാരി പിടിപെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടുപേർ മരിച്ചു. 4,148 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,41,708 ആളുകൾക്ക് രോഗം പിടിപെട്ടു. 1134പേർക്ക് പുതുതായി അസുഖം ഭേദമായി. 92.3 ശതമാനമാണ് രോഗമുക്തിനിരക്ക്. ആകെ 3,16,284 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് മാറിയത്. കഴിഞ്ഞ ദിവസം 97 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ രാജ്യത്തെ വിവിധ ആതുരാലയങ്ങളിൽ കഴിയുന്നവരുടെ എണ്ണം 326 ആയി. ഇതിൽ 52പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ 21,276 ആളുകളാണ് രാജ്യത്ത് കോവിഡ് ബാധിതർ. ജനുവരി തുടക്കത്തിൽ 98 ശതമാനമായിരുന്നു വീണ്ടെടുപ്പ് നിരക്ക്. കഴിഞ്ഞ ഒരാഴ്ചക്കിടെ 14,795 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. എന്നാൽ, 8,246 പേർക്ക് മാത്രമാണ് അസുഖം ഭേദമായത്. 17പേർ മരിച്ചു. മാസങ്ങളുടെ ഇടവേളക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിനനിരക്കും കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.
ദിവസൾക്ക് മുമ്പ് രണ്ടായിരത്തിന് താഴെ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ആശ്വാസം നൽകുന്ന കാര്യമായിരുന്നു. എന്നാൽ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേസുകൾ വീണ്ടും ഉയർന്നു. രോഗവ്യാപനം തടയാൻ വാക്സിൻ വിതരണം ഊർജിതമായി വിവിധ ഗവർണറേറ്റുകളിൽ നടക്കുന്നുണ്ട്. ജനുവരി18 മുതൽ ഇതുവരെ ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയാതെ കടന്നുപോയിട്ടില്ല. അടുത്തിടെ നടന്ന മരണങ്ങളിൽ ഏറെയും വാക്സിൻ സ്വീകരിക്കാത്തവരിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണനിരക്ക്. ഡോസ് സ്വീകരിച്ചവരിൽ 2.5 ശതമാനം ആളുകൾ മാത്രമാണ് മരിച്ചിട്ടുള്ളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ബൂസ്റ്റർ ഡോസടക്കം നൽകി കോവിഡിനെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.