മസ്കത്ത്: ഒരിടവേളക്കുശേഷം കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുമ്പോഴും ജാഗ്രത കൈവിട്ട് ചിലർ. ആരോഗ്യവകുപ്പിെൻറ കണക്കുപ്രകാരം ഈ മാസം ഇതുവരെ 121 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. 61 പേർ രോഗമുക്തരാവുകയും ചെയ്തു. നിലവിൽ അഞ്ചുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിന കണക്കുകൾ പല ദിവസങ്ങളിലും 20ന് അടുത്തോ അതിനു മുകളിലോ ആയിരുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. പോസിറ്റിവ് കേസുകൾ നേരിയ തോതിലാണ് വർധിക്കുന്നതെങ്കിലും ഒരു വിഭാഗം ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അലസത കാണിക്കുന്നതായി ആക്ഷേപമുണ്ട്. ബീച്ചുകൾ, മാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് അടക്കം ധരിക്കാതെയാണ് ഇത്തരക്കാർ കയറിയിറങ്ങുന്നത്. സാമൂഹിക അകലവും പലയിടത്തും പാലിക്കുന്നില്ല. പല സ്ഥാപനങ്ങളിലും ശരീരോഷ്മാവ് അളക്കുന്നതടക്കമുള്ള കാര്യങ്ങൾ കർശനമായി പരിശോധിച്ചായിരുന്നു ഉപഭോക്താക്കളെ ആദ്യമൊക്കെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങൾ ചിലയിടത്തെങ്കിലും ചടങ്ങുപോലെ ആയിട്ടുണ്ട്.
നിലവിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളൊന്നും സർക്കാർ വരുത്തിയിട്ടില്ല. മസ്ജിദുകളിലും പൊതുപരിപാടി നടത്താനുള്ള സ്ഥലങ്ങളിലുമെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനേ അനുമതിയുള്ളൂ. രാജ്യത്തെ കോവിഡ് കേസുകൾ സസൂക്ഷ്മമാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്. പല യൂറോപ്യൻ രാജ്യങ്ങളും കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ നിയന്ത്രണത്തിൽ ഇളവു വരുത്തിയിരുന്നു. ഇത് പിന്നീട് രോഗികളുടെ വർധനക്ക് ഇടയാക്കിയിരുന്നു. അത്തരമൊരു സാഹചര്യം ഒമാനിൽ ഇല്ലാതാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. പുതിയ വകഭേദമായ ഒമിക്രോണിനെതിരെയും ശക്തമായ മുൻകരുതൽ നടപടികളാണ് രാജ്യം സ്വീകരിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ രോഗം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബീക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് കോവിഡ് സുപ്രീം കമ്മിറ്റി താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ബൂസ്റ്റർ ഡോസടക്കം വാക്സിനേഷൻ നടപടികൾ രാജ്യത്ത് ഊർജിതമാക്കിയാണ് കേസുകൾ നിയന്ത്രിക്കാനായത്. മാസ്ക്കുകൾ കൃത്യമായും ശരിയായ രീതിയിലും ധരിക്കുക, കൈകഴുകുന്നതും അണുമുക്തമാക്കുന്നതും തുടരുക, രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയം ഐസൊലേഷനിൽ പോവുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മേഖലയിലുള്ളവർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.